കൊച്ചി: ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി ഇലര്‍ക്ക് ജാമ്യം അനുവദിച്ചു.മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ ഏബ്രഹാം, സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍ സുഗതന് എന്നിവരുള്‍പ്പെടെ പത്തുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജൂലായിലാണ് സി.പി.ഐ മാര്‍ച്ച് നടത്തിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ സി.പി.ഐ നേതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണ സംഘത്തിനുമുമ്പാകെ കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലെത്തി അറസ്റ്റു വരിച്ച നേതാക്കളെ വൈദ്യപരിശോധനയ്ക്കു ശേഷം ജനപ്രതിനിധികളുടെ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
അതേസമയം, സി.പി.ഐ നേതാക്കള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മാരക ആയുധങ്ങളുമായി പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു, പോലീസ് വാഹനങ്ങള്‍ തകര്‍ത്തു, പൊതുമുതല്‍ നശിപ്പിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ മാരക ആയുധങ്ങളുമായി ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സി.പി.ഐ നേതാക്കള്‍ക്ക് ജാമ്യം നല്‍കരുതെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കും, അന്വേഷണത്തെ സ്വാധീനിക്കും തുടങ്ങിയ ആരോപണങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
