
ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം ഞായറാഴ്ച ചെന്നൈയിലെത്തും. റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സംസാരിച്ചു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് കൊല്ലത്തെത്തും. ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ്ടോപും ഐപാഡും അന്വേഷണം സംഘം പരിശോധനയ്ക്കായി ഏറ്റെടുക്കും.
സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ കാമ്പസ് വിട്ടുപോകരുതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് നിർദേശം നൽകിയിരുന്നു. കേസിൽ ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഐഐടി കാമ്പസിൽ പോലീസിനെ വിന്യസിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കേസിന്റെ നിലവിലെ സ്ഥിതി അറിയാൻ സംസ്ഥാന പോലീസ് മേധാവിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഫാത്തിമ ലത്തീഫിന്റെ പിതാവും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഫാത്തിമയുടേത് ആത്മഹത്യയല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ഡിഎംകെ അധ്യക്ഷന് എം.കെ. സ്റ്റാലിനും ആവശ്യപ്പെട്ടിരുന്നു.