December 05, 2019

Breaking News

മൊബൈല്‍ ടെലികോം വിപണിയില്‍ ഡിസംബര്‍ മുതല്‍ ഡാറ്റാ, കോള്‍ നിരക്കുകള്‍ വര്‍ധിക്കും

കൊച്ചി : മൊബൈല്‍ ടെലികോം വിപണിയില്‍
ഡിസംബര്‍ മുതല്‍ ഡാറ്റാ, കോള്‍ നിരക്കുകള്‍ വര്‍ധിച്ചേക്കും. വര്‍ധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളില്‍ എന്നോ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് കമ്പനികള്‍ പറയുന്നു. റിലയന്‍സ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എന്‍എലും നിരക്കു വര്‍ധിപ്പിക്കുമെന്നു സൂചനയില്ല.
അതോടെ കുറഞ്ഞ നിരക്കില്‍ ഇഷ്ടംപോലെ ‘ഡേറ്റ’ കിട്ടുന്ന അവസ്ഥ മാറി മൊബൈല്‍ ടെലികോം വിപണിയില്‍ നിരക്കുവര്‍ധനയ്ക്കു വഴിയൊരുങ്ങുന്നു. ‘സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം’ എന്നു വിശദീകരിച്ച് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ നിരക്കു കൂട്ടുന്നു.
സുപ്രീം കോടതി ഉത്തരവനുസരിച്ചു സര്‍ക്കാരിനു നല്‍കാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയര്‍ടെല്‍ ജൂലൈ-സെപ്റ്റംബര്‍ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോണ്‍ ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു.
ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവില്‍ ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജും പ്രതീക്ഷിക്കുകയാണു കമ്പനികള്‍.
വമ്പന്‍ ഓഫറുകളുമായി രംഗത്തുവന്ന റിലയന്‍സ് ജിയോയുമായുള്ള കടുത്ത മല്‍സരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയര്‍ടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോണ്‍- ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെ.
ഒരു ടെലികോം നെറ്റ്‌വര്‍ക്കിലേക്കുള്ള കോളിന്, ആ കോള്‍ പുറപ്പെടുന്ന നെറ്റ്‌വര്‍ക്ക് നല്‍കേണ്ട ഫീസായ ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) സംബന്ധിച്ചാണ് റിലയന്‍സും മറ്റു കമ്പനികളും തമ്മില്‍ ഏറ്റവുമൊടുവിലത്തെ തര്‍ക്കം. മിനിറ്റിന് 6 പൈസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്. ഇത് എടുത്തുകളയണമെന്നു റിലയന്‍സും 14 പൈസ എങ്കിലുമായി ഉയര്‍ത്തണമെന്ന് എയര്‍ടെലും വോഡഫോണും വാദിക്കുന്നു.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും റിലയന്‍സ് ജിയോയും ഐയുസി ഉപേക്ഷിക്കണമെന്ന നിലപാടെടുത്തു. ഓരോ നെറ്റ്‌വര്‍ക്കിലേക്കു വരുന്ന കോളുകളുടെയും അതില്‍നിന്നു പോകുന്ന കോളുകളുടെയും എണ്ണം തുല്യമാണെന്ന സ്ഥിതിയായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഐയുസി വേണ്ടെന്നും റിലയന്‍സ് വാദിച്ചു.
യോഗത്തില്‍ പങ്കെടുത്ത 155 പേരില്‍ എയര്‍ടെലും വോഡഫോണും മാത്രമേ ഐയുസിക്ക് അനുകൂലമായി വാദിച്ചുള്ളൂ എന്നാണു സൂചന. ട്രായിയുടെ നിലപാടും ഐയുസി ഉപേക്ഷിക്കണമെന്നാണെന്ന് എയര്‍ടെലും വോഡഫോണും വിലയിരുത്തുന്നു. 2020 ജനുവരി 1 മുതല്‍ ഐയുസി വേണ്ടെന്ന നിലപാട് 2017ല്‍ത്തന്നെ ട്രായി കൈക്കൊണ്ടിരുന്നു.

About The Author

Related posts