December 05, 2019

Breaking News

ഷെയ്ൻ നിഗമിനെ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ, സിനിമകള്‍ ഉപേക്ഷിച്ചു

കൊച്ചി: നടൻ ഷെയ്ന്‍ നിഗമിനെ മലയാള സിനിമയില്‍ തുടർന്ന് അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ യോഗത്തിലാണ് തീരുമാനം. അസോസിയേഷൻ നേതാക്കളായ സിയാദ് കോക്കർ, എം. രഞ്ജിത്ത് തുടങ്ങിയവർ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഷെയ്ൻ കാരണം മൂന്ന് സിനിമകൾക്കായി ഏഴ് കാേടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ തുക ഷെയ്ൻ നിർമാതാക്കൾക്ക് തിരിച്ചുനൽകണം. നിർമാതാക്കൾക്കുണ്ടായ ഈ നഷ്ടം നികത്തുന്നത് വരെ ഷെയ്നിനെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന് അസോസിയേഷൻ പറഞ്ഞു.

തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഒരു നടനും ഇതുവരെ ഇതുപോലെ പെരുമാറിയിട്ടില്ല.

ഷെയ്ൻ അഭിനയിച്ച സിനിമകൾ മുന്നോട്ട് പോകാൻ എന്നും ചര്‍ച്ചകള്‍ വേണ്ടിവന്നിരുന്നു. വെയ്ൽ, കുർബാനി തുടങ്ങിയ സിനിമികളോട് ഷെയ്ൻ തുടക്കം മുതൽ തന്നെ നിസ്സഹകരിക്കുകയായിരുന്നു. ഒടുവില്‍ ഷെയ്നിന്റെ അമ്മയുമായി ബന്ധപ്പെട്ടു. അമ്മ കാര്യങ്ങള്‍ നിയന്ത്രിച്ചു. എന്നാൽ, നിര്‍മ്മാതാവ് ലൊക്കേഷനില്‍ വരാന്‍ പാടില്ല എന്നായിരുന്നു ഷെയ്നിന്റെ നിലപാട്. അതും ഞങ്ങൾ അംഗീകരിച്ചു. അമ്മ ലൊക്കേഷനിൽ വന്നതുകൊണ്ടാണോ എന്നറിയില്ല. പിറ്റേ ദിവസം ബൈക്കെടുത്ത് ഷെയ്ൻ എങ്ങോട്ടോ പോയി. അന്നു മുതൽ ചിത്രീകരണം നിലച്ചു. പല തവണ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. രണ്ട് ദിവസം ലൊക്കേഷനിൽ മൊത്തം ഷെയ്നിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.

അതിനു ശേഷമായിരുന്നു മുടി വെട്ടിക്കൊണ്ട്  കോടിക്കണക്കിനാളുകളെ കളിയാക്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് ഒരു പരാതി ഉണ്ടായിരുന്നു. 25 ലക്ഷം രൂപയ്ക്കാണ് കരാറുണ്ടാക്കിയത്. എന്നാൽ, ഡബ്ബിങ്ങിന് വരണമെങ്കിൽ 20 ലക്ഷം  കൂടി വേണമെന്ന് ഷെയ്ൻ ആവശ്യപ്പെട്ടു. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം ആരും ഇതുവരെ ഇത്തരത്തില്‍ പെരുമാറിയിട്ടില്ല.

ഷെയ്നിന്റെ ഇത്തരത്തിലുള്ള നിസ്സഹകരണം കാരണം വെയിലും കുര്‍ബാനിയും ഉപേക്ഷിക്കുകയാണ്. ഇതുമൂലം ഉണ്ടായിട്ടുള്ള  കോടികളുടെ നഷ്ടം ഷെയ്ൻ നികത്തണം. അതുവരെ ഞങ്ങള്‍ ഷെയ്‌നുമായി സഹകരിക്കില്ല. ഷെയ്നിനെ വച്ച് മലയാളത്തില്‍ ഒരു സിനിമ പോലും ഞങ്ങൾ നിര്‍മിക്കില്ല-അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

നടനും പ്രശസ്ത മിമിക്രി താരവുമായിരുന്ന അബിയുടെ മകനായ ഷെയ്ൻ അഭിനയിച്ച് തിയ്യറ്ററിൽ എത്തിയ അവസാന ചിത്രം ഓളാണ്.

താന്തോന്നിയില്‍ പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച ബാലതാരമായിട്ടായിരുന്നു ഷെയ്‌നിന്റെ അരങ്ങേറ്റം. ഏതാനും ടെലിവിഷന്‍ സീരിയിലുകളിലും വേഷമിട്ടിട്ടുണ്ട്. തുടര്‍ന്ന് അന്‍വര്‍, നീലാകാശവും പച്ചക്കടല്‍ ചുവന്ന ഭൂമി, അന്നയും റസൂലും ബാല്യകാലസഖി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്താണ് നായകനായ ആദ്യ ചിത്രം. കെയര്‍ ഓഫ് സെയ്രാബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയവാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍

About The Author

Related posts