January 24, 2020

Breaking News

ചന്ദ്രയാന്‍ 3ന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

ബെംഗളുരു: ചന്ദ്രയാന്‍ 3 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും കെ ശിവന്‍ അറിയിച്ചു. ഇന്ത്യയുടെ വ്യോമസേനയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാല് പേരെ ഗഗന്‍യാന്‍ പദ്ധതിയുടെ പരിശീലനത്തിനായി റഷ്യയിലേക്ക് വിടുമെന്നും കെ ശിവന്‍ വ്യക്തമാക്കി. 2020ല്‍ തന്നെ, ചന്ദ്രയാന്‍ 3 വിക്ഷേപിക്കപ്പെടുമെന്ന് നേരത്തേ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചിരുന്നു.
ചന്ദ്രയാന്‍ 2ന് പ്രതീക്ഷിച്ച ലക്ഷ്യത്തില്‍ എത്താനായില്ലെങ്കിലും പദ്ധതി പൂര്‍ണപരാജയമാണെന്ന് പറയാനാകില്ലെന്ന് കെ ശിവന്‍ ആവര്‍ത്തിച്ചു. കൃത്യമായി ലാന്‍ഡറിന് ലാന്‍ഡ് ചെയ്യാനായില്ല എന്നത് മാത്രമേയുള്ളൂ. പദ്ധതിയിലെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. അടുത്ത ഏഴ് വര്‍ഷം ചന്ദ്രോപരിതലത്തിന് ചുറ്റും കറങ്ങി ചിത്രങ്ങളെടുക്കാന്‍ ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്ററിന് കഴിയുമെന്നും കെ ശിവന്‍ ആവര്‍ത്തിച്ചു.
14 മുതല്‍ 16 മാസങ്ങളുടെ കാലാവധിയില്‍ ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ത്തിയാകും. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രോപരിതലത്തില്‍ ഭ്രമണം തുടരുന്നതിനാല്‍, അതിന് പാകത്തിലുള്ള, ലാന്‍ഡറും റോവറും തന്നെയാകും ചന്ദ്രയാന്‍ 3 ദൗത്യത്തിലുമുണ്ടാവുക എന്നും, കെ ശിവന്‍ അറിയിക്കുന്നു.
ചന്ദ്രോപരിതലം തൊടാന്‍ ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിച്ച ആദ്യ പദ്ധതിയായിരുന്നു ചന്ദ്രയാന്‍ 2. എന്നാല്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിനിടെ, വിക്രം എന്ന് പേരിട്ട ലാന്‍ഡര്‍ നിയന്ത്രണം വിട്ട് ഉപരിതലത്തില്‍ പതിക്കുകയായിരുന്നു.

About The Author

Related posts