August 05, 2020

Breaking News

ഇന്ത്യയ്ക്ക് 78 റൺസ് ജയം, പരമ്പര;സഞ്ജു വന്നു, പോയി!

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യയുടെ ഓൾറൗണ്ട് മികവിനു മുന്നിൽ ശ്രീലങ്ക തകർന്നടിഞ്ഞപ്പോൾ പുതുവർഷത്തിൽ തങ്ങളുടെ ആദ്യ രാജ്യാന്തര പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ തു‌ടക്കം ഗംഭീരമാക്കി. സ്കോർ– ഇന്ത്യ: 6ന് 201, ശ്രീലങ്ക: 123ന് പുറത്ത്.

പുണെ ∙ ടോസ് ജയിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കാൻ തീരുമാനിച്ചപ്പോൾ കാണികൾ ഒന്നടങ്കം ആർപ്പുവിളിച്ചു. അവരുടെ പ്രതീക്ഷ തെറ്റിക്കാതെ ഓപ്പണർമാരായ ശിഖർ ധവാനും (36 പന്തിൽ 52) കെ.എൽ.രാഹുലും (36 പന്തിൽ 54) പതിവു ശൈലിയിൽ ബാറ്റു വീശിയപ്പോൾ 10–ാം ഓവറിൽ തന്നെ ടീം ഇന്ത്യയുടെ സ്കോർ 90 കടന്നു. 11–ാം ഓവറിലെ 5–ാം പന്തിൽ ധവാനെ‌ പുറത്താക്കിയ ലക്‌ഷൻ സന്ദകനാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നൽകിയത്.

ധവാനു പകരം ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസൺ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിനു പറത്തി വരവറിയിച്ചെങ്കിലും തൊട്ടടുത്ത ഓവറിൽ സഞ്ജുവിനെ മടക്കി വനിന്ദു ഹസരംഗ ലങ്കയ്ക്ക് പ്രതീക്ഷ നൽകി. അടുത്ത ഓവറിൽ രാഹുലിനെയും ശ്രേയസ് അയ്യരെയും മടക്കി സന്ദകൻ ഇന്ത്യൻ ക്യാംപിൽ ഭീതി പടർത്തിയെങ്കിലും ക്യാപ്റ്റൻ കോലി ക്രീസിലുള്ള വിശ്വാസത്തിലായിരുന്നു കാണികൾ. നന്നായി തുടങ്ങിയ കോലി (17 പന്തിൽ 26) ഇല്ലാത്ത റണ്ണിനുവേണ്ടി ഓടി വിക്കറ്റു വലിച്ചെറിഞ്ഞപ്പോൾ സ്കോർ 200 കടക്കുമോ എന്ന ആശങ്കയിലായി കാണികൾ. എന്നാൽ ഇടവേളയ്ക്കുശേഷം ടീമിലെത്തിയ മനീഷ് പാണ്ഡെയും (18 പന്തിൽ 31*) വെസ്റ്റിൻഡീസിനെതിരായ അവസാന മത്സരത്തിലെ ഹീറോ ഷാർദൂൽ ഠാക്കൂറും (8 പന്തിൽ 22*) ചേർന്നു നടത്തിയ വെടിക്കെ‌ട്ടിൽ ലങ്കയുടെ വിജയ ലക്ഷ്യം 202 റൺസ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ധനുഷ്ക ഗുണതിലകയെ നഷ്ടമായി. ജസ്പ്രീത് ബുമ്രയുടെ പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ച ഗുണതിലക വാഷിങ്ടൻ സുന്ദറിന്റെ കൈകളിലൊതുങ്ങി. ഷാർദൂൽ ഠാക്കുർ എറിഞ്ഞ അടുത്ത ഓവറിലെ രണ്ടാം പന്ത് സിക്സറിനു പറത്തി ആവിഷ്ക ഫെർണാണ്ടോ ലങ്കൻ ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും തൊട്ടടുത്ത പന്തിൽ അവിഷ്കയെ പുറത്താക്കി ഷാർദൂൽ കണക്കു തീർത്തു. പിന്നാലെ കുശാൽ പെരേരയും റൺ ഔട്ടായപ്പോൾ ലങ്കൻ ​ഇന്നിങ്സ് 100 കടക്കില്ലെന്നു തോന്നിച്ചു.

എന്നാൽ, 5–ാം വിക്കറ്റിൽ ഒന്നിച്ച എയ്ഞ്ചലോ മാത്യൂസ്(31 ), ധനഞ്ജയ ജി സിൽവ (57 ) സഖ്യം തിരിച്ചടി തുടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. 68 റൺസാണ് ഇരുവരും 5–ാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 12–ാം ഓവറിൽ മാത്യൂസിനെ പുറത്താക്കിയ വാഷിങ്ടൻ സുന്ദർ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. പിന്നീടങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്ര. ലങ്കൻ ​ഇന്നിങ്സ്123 റൺസിൽ ഒതുങ്ങി. ഇന്ത്യയ്ക്ക് 78 റൺസ് ജയം. ഒന്നാം ട്വന്റി20 മഴമൂലം ഉപേക്ഷിച്ചിരുന്നു.14 മുതൽ ഓസ്ട്രേലിയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര

പതിനൊന്നാം ഓവറിലെ അവസാന പന്ത്. ലക്‌ഷൻ സന്ദകനെറിഞ്ഞ ഫ്ലിപ്പർ, ലോങ് ഓഫിനു മുകളിലൂടെ ഗാല​റിയിൽ പതിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പോലും എഴുന്നേറ്റു നിന്ന് കൈയടിച്ചു. 5 വർഷത്തെ ഇടവേളയ്ക്കുശഷം സഞ്ജു സാംസൺ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങി വരവ് രാജകീയമായിത്തന്നെ ആഘോഷിച്ചു. പക്ഷേ, ആഘോഷത്തിന് ആയുസ്സുണ്ടായിരുന്നത് ഏതാനും നിമിഷങ്ങൾ മാത്രം. അടുത്ത ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിനു മുന്നിൽ കുരുങ്ങി സഞ്ജു പുറത്ത്. റിവ്യൂ എടുക്കാൻ അവസരമുണ്ടായിരുന്നിട്ടും അതിനു മുതിരാതെ ഡ്രസിങ് റൂമിലേക്കു മടങ്ങിപ്പോകുമ്പോൾ നിരാശയുടെ ഭാരം കാരണം ആ ചുമലുകൾ താഴ്ന്നിരുന്നു. 8 ട്വന്റി20 മത്സരങ്ങളാണ് സഞ്ജു റിസർവ് ബെഞ്ചിൽ കഴിച്ചുകൂട്ടിയത്. ഒടുവിൽ റിസർവ് ബെഞ്ചിന്റെ കരുത്ത് പരിശോധിക്കാൻ ക്യാപ്റ്റൻ കോലി തീരുമാനിച്ചതോടെയായിരുന്നു മനീഷ് പാണ്ഡെയ്ക്കൊപ്പം സഞ്ജുവിനും നറുക്കു വീണത്.

രാഹുൽ സ്റ്റംപ്ഡ് കുശാൽ ബി സന്ദകൻ 54, ധവാൻ സി ഗുണതിലക ബി സന്ദകൻ 52, സഞ്ജു എൽബിഡബ്ല്യു ഹസരംഗ 6, മനീഷ് നോട്ടൗട്ട് 31, ശ്രേയസ് സി ആൻഡ് ബി സന്ദകൻ 4, കോലി റൺ ഔട്ട് (ഗുണതിലക– കുശാൽ) 26, സുന്ദർ സി സന്ദകൻ ബി കുമാര 0, ഷാർദൂൽ നോട്ടൗട്ട് 22.
എക്സ്ട്രാസ്– 6, ആകെ 20 ഓവറിൽ 6ന് 201
ബോളിങ്: മലിംഗ 4–0–40–0, മാത്യൂസ് 3–0–38–0, ഡി സിൽവ 1–0–13–0, കുമാര 4–0–46–1, ഹസരംഗ 4–0–27–1, സന്ദകൻ 4–0–35–3.

ഗുണതിലക സി സുന്ദർ ബി ബുമ്ര 1, അവിഷ്ക സി ശ്രേയസ് ബി ഷാർദൂൽ 9, കുശാൽ ബി സെയ്നി 7, ഒഷാദ റൺ ഔട്ട് (മനീഷ് പാണ്ഡെ) 2, മാത്യൂസ് സി മനീഷ് ബി .സുന്ദർ 31, ഡി സിൽവ സി ബുമ്ര ബി സെയ്നി 57, ഷാനക സി ആൻഡ് ബി ഷാർദൂൽ 9 , ഹസരംഗ റൺ ഔട്ട് (ചെഹൽ) 0, സന്ദകൻ സ്റ്റംപ്ഡ് സഞ്ജു ബി സുന്ദർ 1, മലിംഗ സി കോലി ബി സെയ്നി 0, കുമാര നോട്ടൗട്ട് 1.
എക്സ്ട്രാസ് – 5, ആകെ 15.5 ഓവറിൽ 123 ന് പുറത്ത്
ബോളിങ്: ബുമ്ര 2–0–5–1, ഷാർദൂൽ 3–0–19–2 സെയ്നി 3.5–0– 28 –3, സുന്ദർ 4–0–37–2, ചെഹൽ 3–0–33–0

About The Author

Related posts