August 11, 2020

Breaking News

ഇരട്ടസെഞ്ചുറി കടന്ന് പൂജാര കുതിക്കുന്നു; ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ റെക്കോർഡ്

രാജ്കോട്ട് ∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചുറികൾ കൊണ്ട് അർധ സെഞ്ചുറി തീർത്തതിനു പിന്നാലെ ഇന്ത്യൻ താരം ചേതേശ്വർ പൂജാരയ്ക്ക് ഇരട്ടസെഞ്ചുറിയുടെ മധുരവും. കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് പൂജാര ഇരട്ടസെഞ്ചുറി പിന്നിട്ടത്. രണ്ടാം ദിനം മത്സരം പുനഃരാരംഭിക്കുമ്പോൾ 238 പന്തിൽ 162 റൺസുമായി ബാറ്റിങ് പുനഃരാരംഭിച്ച പൂജാര, 314 പന്തിൽനിന്നാണ് ഇരട്ടസെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ ഇരട്ടസെഞ്ചുറികളെന്ന സ്വന്തം പേരിലുള്ള ഇന്ത്യൻ റെക്കോർഡ് പൂജാര ഒന്നുകൂടി പരിഷ്കരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പൂജാരയുടെ 13–ാം ഇരട്ടസെഞ്ചുറിയാണിത്. രാജ്യാന്തര ക്രിക്കറ്റിൽ പൂജാരയുടെ പേരിൽ മൂന്ന് ഇരട്ടസെഞ്ചുറികളുണ്ട്.

പൂജാരയുടെ ഇരട്ടസെഞ്ചുറിക്കൊപ്പം മധ്യനിര ബാറ്റ്സ്മാൻ ഷെൽഡൺ ജാക്സന്റെ തകർപ്പൻ സെഞ്ചുറി കൂടിയായതോടെ കർണാടകയ്ക്കെതിരെ സൗരാഷ്ട്ര 500 റൺസിന് തൊട്ടടുത്തെത്തി. രണ്ടാം ദിനം ചായയ്ക്കു പിരിയുമ്പോൾ 150 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 496 റൺസ് എന്ന നിലയിലാണ് സൗരാഷ്ട്ര. പൂജാര 248 റൺസെടുത്തും ജാക്സൻ 161 റണ്‍സെടുത്തും പുറത്തായി. മൂന്നാം വിക്കറ്റിൽ പൂജാര – ജാക്സൻ സഖ്യം 394 റൺസ് കൂട്ടിച്ചേർത്തു. ഇതുവരെ 390 പന്തുകൾ നേരിട്ട പൂജാര 24 ഫോറും ഒരു സിക്സും സഹിതമാണ് 248 റൺസെടുത്തത്. 299 പന്തുകൾ നേരിട്ട ജാക്സനാകട്ടെ, ഏഴു ഫോറും ആറു സിക്സും സഹിതം 161 റൺസുമെടുത്തു. ഓപ്പണർമാരായ ഹാർവിക് ദേശായി (59 പന്തിൽ 13), സ്നെൽ പട്ടേൽ (53 പന്തിൽ 16) എന്നിവരാണ് സൗരാഷ്ട്ര നിരയിൽ പുറത്തായത്. വാസവദ (28), പ്രേരക് മങ്കാദ് (20) എന്നിവർ ക്രീസിൽ.

നേരത്തെ, കർണാടകയ്ക്കെതിരായ മത്സരത്തിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി സെഞ്ചുറി (162*) നേടിയതോടെ പൂജാര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50 സെഞ്ചുറികൾ പൂർത്തിയാക്കിയിരുന്നു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ആക്ടീവ് ഇന്ത്യൻ താരം എന്ന റെക്കോർഡും പൂജാരയ്ക്ക് സ്വന്തമായി. വിദർഭ താരം വസീം ജാഫറാണ് ഒന്നാമത് (57 സെഞ്ചുറികൾ).

∙ കൂടുതൽ ഫസ്റ്റ് ക്ലാസ് സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരങ്ങൾ

സുനിൽ ഗാവസ്കർ – 81

സച്ചിൻ തെൻഡുൽക്കർ – 81

രാഹുൽ ദ്രാവിഡ് – 68

വിജയ് ഹസാരെ – 60

വസിം ജാഫർ – 57

ദിലീപ് വെങ്സർക്കാർ – 55

വി.വി.എസ്. ലക്ഷ്മൺ – 55

മുഹമ്മദ് അസ്ഹറുദ്ദീൻ – 54

ചേതേശ്വർ പൂജാര – 50

പോളി ഉമ്രിഗർ – 49

About The Author

Related posts