July 07, 2020

Breaking News

ഇന്റര്‍നെറ്റ് വേഗത എങ്ങനെ പരിശോധിക്കാം ? വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാ

ലോക്ക്ഡൗണ്‍ കാരണം എല്ലാവരും വീട്ടിലിരിപ്പാണ്. ജോലിക്കാര്‍ പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. പുറത്തിറങ്ങിയുള്ള വിനോദങ്ങള്‍ ഒന്നും സാധ്യമല്ലാത്തതുകൊണ്ടുതന്നെ എല്ലാവരും ഇന്റര്‍നെറ്റ് അധിഷ്ടിത വിനോദ ഉപാധികളെ ആശ്രയിക്കുകയാണ്. ഇക്കാരണത്താല്‍ ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. സാധാരണ മിന്നല്‍ വേഗത്തില്‍ പാഞ്ഞിരുന്ന ഇന്റര്‍നെറ്റ് ലോഡിങ് ഇല്ലാതെ ഉപയോഗിക്കാന്‍ ആവാത്ത അവസ്ഥ. ഡാറ്റാ വേഗത സ്ഥലം കണ്ടുപിടിക്കാന്‍ വീടിന് ചുറ്റും പായുകയാണ് ആളുകള്‍. എന്നാല്‍ ഇന്റര്‍നെറ്റ് വേഗം എങ്ങനെ ശരിയായ രീതിയില്‍ പരിശോധിക്കാം. ചില വെബ്‌സൈറ്റുകളും ആപ്പുകളും അതിനായി ലഭ്യമാണെങ്കിലും അവയുടെ ശരിയായ ഉപയോഗം എങ്ങനെയെന്ന് അറിവുണ്ടാവില്ല പലര്‍ക്കും. എങ്കില്‍ അതൊന്ന് നോക്കാം. 

ഇന്റര്‍നെറ്റ് വേഗത പരിശോധിക്കാന്‍ നിരവധി ടൂളുകളുണ്ട്. എങ്കിലും അതില്‍ ഏറ്റവും ജനപ്രീതിയുള്ളത് അമേരിക്കന്‍ സ്ഥാപനമായ ഊക് ലായുടെ സ്പീഡ്‌ടെസ്റ്റ്.നെറ്റ്  ആണ്. സ്പീഡ് ടെസ്റ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാം. 

പ്രദേശത്തെ സെര്‍വറുകള്‍ ഉപയോഗിച്ചാണ് ഇതില്‍ ഇന്റര്‍നെറ്റ് വേഗത കണ്ടെത്തുന്നത്. നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെ ഒരുവിധം കൃത്യമായ ഇന്റര്‍നെറ്റ് വേഗത കണ്ടെത്താന്‍ ഇതുവഴി സാധിക്കും. 

മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗതയാണ് പരിശോധിക്കുന്നത് എങ്കില്‍ ഫോണിലെ വൈഫൈ ഓഫ് ചെയ്ത് വെക്കുക. അല്ലെങ്കില്‍ ഫോണില്‍ നിന്നും വേഗത പരിശോധിക്കുമ്പോള്‍ വൈഫൈ വഴി ലഭിക്കുന്ന ഇന്റര്‍നെറ്റിന്റെ വേഗതയാണ് കാണുക.

വേഗത പരിശോധിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് നിങ്ങളുടെ സേവനദാതാവ് വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് വേഗത എത്രയുണ്ടെന്ന് പരിശോധിക്കുക. അതിന് നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്‍ പരിശോധിച്ചാല്‍ മതി. 

അതിനായി Speedtest.net എന്ന വെബ്‌സൈറ്റ് തുറക്കുകയോ നിങ്ങളുടെ ഫോണില്‍ ഊക് ലായുടെ  സ്പീഡ് ടെസ്റ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുക. ആപ്പും വെബ്‌സൈറ്റും തുറക്കുമ്പോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സേവനദാതാവിന്റെ പേര്, അടുത്തുള്ള സെര്‍വര്‍ തുടങ്ങിയ വിവരങ്ങള്‍ കാണാം. 

മധ്യത്തിലായി കാണുന്ന GO എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ അല്‍പ സമയത്തിന് ശേഷം നിങ്ങളുടെ കണക്ഷനിലെ ഡൗണ്‍ലോഡ് സ്പീഡും അപ് ലോഡ് സ്പീഡും കാണാം. നിങ്ങള് തിരയുന്ന വെബ്‌സൈറ്റോ മറ്റ് ഉള്ളടക്കങ്ങളോ നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ലോഡ് ആവുന്ന വേഗമാണ് ഡൗണ്‍ലോഡ് സ്പീഡ്. നിങ്ങള്‍ നല്‍കുന്ന റിക്വസ്റ്റുകള്‍ (സെര്‍ച്ചുകള്‍, ക്ലിക്കുകള്‍) നിങ്ങളുടെ കംപ്യൂട്ടറില്‍നിന്നും ബന്ധപ്പെട്ട സെര്‍വറുകളിലേക്ക് എത്തുന്ന വേഗതയാണ് അപ് ലോഡ് സ്പീഡ്. ഡൗണ്‍ലോഡ് ചെയ്യുമ്പോഴും അപ് ലോഡ് ചെയ്യുമ്പോഴും സെക്കന്‍ഡില്‍ എത്ര ഡാറ്റ കൈമാറ്റം ചെയ്യുന്നു എന്നുള്ള കണക്ക് നിങ്ങള്‍ക്ക് ഈ ആപ്പില്‍ ലഭിക്കും. 

ഇന്റര്‍നെറ്റ് വേഗം പരിശോധിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ഒരു കാര്യമാണ് മെഗാബിറ്റും മെഗാബൈറ്റും തമ്മിലുള്ള വ്യത്യാസം. ഇന്റര്‍നെറ്റ് വേഗം സാധാരണ നിലയില്‍ സെക്കന്റില്‍ ഇത്ര മെഗാബിറ്റ് (mbps) എന്നോ വെറും എംബി എന്ന് മാത്രമോ ആണ് കാണിക്കാറ്. 

അതേസമയം ഫയല്‍ സൈസ് കാണിക്കാനും എംബി എന്ന് ഉപയോഗിക്കാറുണ്ട് അത് പക്ഷെ മെഗാബൈറ്റ് ആണ്. ഒരു മെഗാബൈറ്റ് എന്നത് എട്ട് മെഗാബിറ്റിന് തുല്യമാണ്.

അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റില്‍ 100 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയുണ്ടെങ്കില്‍ ഒരോ സെക്കന്‍ഡിലും 12.5 എംബി ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അതായത് 500 എംബി ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 40 സെക്കന്‍ഡ് വേണ്ടിവരും. 

നിങ്ങള്‍ക്ക് എത്ര ഇന്റര്‍നെറ്റ് വേഗത വേണം എന്നത് നിങ്ങള്‍ എന്ത് ആവശ്യത്തിനാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. 

ഉദാഹരണത്തിന് നെറ്റ്ഫ്‌ളിക്‌സില്‍ സ്റ്റാന്റേഡ് (എസ്ഡി) ക്വാളിറ്റിയില്‍ വീഡിയോ കാണാന്‍ മൂന്ന് എംബിപിഎസ് വേഗത വേണം. എച്ച്ഡി ക്വാളിറ്റിയില്‍ വീഡിയോ കാണാന്‍ ഏകദേശം അഞ്ച് എംബിപിഎസ് വേഗത വേണം. 4കെ ക്വാളിറ്റിയിലാണെങ്കില്‍ 25 എംബിപിഎസ് വേഗതയെങ്കിലും വേണം. 

ഒന്നിലധികം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ വേഗത ആവശ്യമാണ്. അപ്പോള്‍ നിങ്ങള്‍ ഒരു ഇന്റര്‍നെറ്റ് പാക്കേജ് തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ആവശ്യം അനുസരിച്ചുള്ള ഇന്റര്‍നെറ്റ് വേഗത കൂടി കണക്കിലാക്കണം. 

പലപ്പോഴും വലിയ വിലയുള്ള ഇന്റര്‍നെറ്റ് പാക്കേജ് ആയിട്ടും അതിന്റെ വേഗത പോരെന്ന പരാതി ഉയരാറുണ്ട്. ചിലപ്പോള്‍ അതിന് കാരണം നിങ്ങളുടെ സേവനദാതാക്കള്‍ തന്നെയാവാം. അവരുടെതായ എന്തെങ്കിലും സാങ്കേതിക പ്രശ്‌നം അതിന് കാരണമാവാം. 

ഇന്റര്‍നെറ്റ് ഉപയോഗം കൂടുന്ന സമയങ്ങളിലും ഇങ്ങനെ വേഗം കുറയാറുണ്ട്. പ്രത്യേകിച്ചും വൈകീട്ട് ആറ് മണിമുതല്‍ എട്ട് മണിവരെയുള്ള സമയത്ത്. ലോക്ക് ഡൗണ്‍ കാലത്ത് ഈ സമയത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റിനെ ഇപ്പോള്‍ ബാധിക്കുന്നത് ഈ തിരക്കാണ്.

ചിലപ്പോള്‍ നിങ്ങളുടെ വീട്ടില്‍ തന്നെ എന്തെങ്കിലും പ്രശ്‌നമുണ്ടാവാം. മൈക്രോ വേവ് ഓവന്‍, ടേബിള്‍ ലാമ്പ് പോലുള്ളവ ഇന്റര്‍നെറ്റ് വേഗത്തെ ബാധിക്കുന്നതാണ്. വൈഫൈ റൂട്ടര്‍ ഉയര്‍ന്ന സ്ഥാനങ്ങളിലും നിങ്ങളുടെ ഉപകരണത്തിനടുത്ത് നിന്നും കാണുന്ന ദൂരത്തിലും വെക്കുക. മറവ് വരാന്‍ ഇടയാവരുത്. വലിയ വീടുകളില്‍ എല്ലായിടത്തേക്കും കണക്ഷന്‍ എത്തിക്കുന്നതിന് ഒരു റൂട്ടര്‍ തന്നെ ഉപയോഗിക്കുന്നതിന് പകരം വൈഫൈ എക്സ്റ്റന്‍ഡറുകള്‍ ഉപയോഗിക്കുക. 

About The Author

Related posts