
നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവയുടെ വിവാഹം സംബന്ധിച്ച വാർത്തയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗോസിപ് കോളങ്ങളിലെ ചർച്ചാവിഷയം. പ്രഭുദേവ രണ്ടാമതും വിവാഹിതനാകാൻ പോവുകയാണെന്നും സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വാർത്തകൾ പരന്നു.
എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നും പ്രഭുദേവയുടെ വിവാഹം കഴിഞ്ഞുവെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരത്തോട് അടുത്ത വൃത്തങ്ങൾ. ഇന്ത്യ ടുഡേയോടാണ് ഇവർ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ബിഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റുമായി സെപ്തംബറിൽ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നത്. പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും സെപ്തംബറിൽ വിവാഹിതരാകുകയുമായിരുന്നു. റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഇതിനോട് പ്രഭുദേവയോ താരത്തിന്റെ മാനേജറോ പ്രതികരിച്ചിട്ടില്ല.
പ്രഭുദേവയുടെ വിവാഹമോചനവും പ്രണയവും പ്രണയത്തകർച്ചയുമെല്ലാം നേരത്തെ വാർത്തയായതാണ്.
റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുമുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹമോചനം നേടി. എന്നാൽ അധികം വൈകാതെ നയൻസും പ്രഭുദേവയും വേർപിരിയുകയും ചെയ്തു.