
ലക്നോ: മിശ്രവിവാഹം തടയാൻ ഓർഡിനൻസ് ഇറക്കി ഉത്തർപ്രദേശ് സർക്കാർ. നിർബന്ധിത മതപരിവർത്തനം കുറ്റകരമാക്കിയാണ് ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്.
ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) എന്ന പേരിലാണ് പുതിയ ഓർഡിനൻസ്. പ്രലോഭിപ്പിച്ചും സമ്മർദം ചെലുത്തിയും മതംമാറ്റുന്നത് ഓർഡിനൻസ് പ്രകാരം കുറ്റകരമാക്കി. വിവാഹ ആവശ്യത്തിനായി മാത്രം നടക്കുന്ന മതപരിവർത്തനങ്ങളും കുറ്റകരമായി പ്രഖ്യാപിക്കും.
വിവാഹശേഷം മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് രണ്ട് മാസം മുമ്പ് എങ്കിലും കളക്ടറെ അറിയിക്കേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾക്ക് പരാതി നൽകാം. നിയമം ലംഘിച്ചാൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പുതിയ നിയമപ്രകാരം കേസെടുത്താൽ ജാമ്യം ലഭിക്കില്ല.
നിർബന്ധിത മതപരിവർത്തനം നടന്ന നൂറിലധികം കേസുകൾ സർക്കാരിനു മുമ്പിലുണ്ടായിരുന്നു. നിയമം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നെന്ന് മന്ത്രി സിദ്ധാർഥ നാഥ് സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം ലൗ ജിഹാദ് ആരോപിച്ച കേസിൽ അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ് പെട്ടെന്ന് ഓർഡിനൻസ് ഇറക്കാൻ യോഗി സർക്കാരിനെ പ്രേരിപ്പിച്ചത്. ലൗ ജിഹാദ് നിയമ നി൪മാണത്തിനെതിരെ രൂക്ഷ വിമർശനമാണ് അലഹബാദ് ഹൈക്കോടതി നടത്തിയത്.
സലാമത്ത് അന്‍സാരി – പ്രിയങ്ക ദമ്പതികളുടെ ഹര്‍ജിയിലായിരുന്നു ചരിത്ര വിധിയുണ്ടായത്. പ്രിയങ്കയെ മതം മാറ്റി സലാമത്ത് അൻസാരി വിവാഹം ചെയ്തെന്ന പ്രിയങ്കയുടെ പിതാവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി.
ഞങ്ങളവരെ ഹിന്ദുവും മുസ്ലിമും ആയല്ല കാണുന്നതെന്നും വ്യക്തികളുടെ അവകാശത്തിനു മേൽ കടന്നുകയറാൻ മറ്റുള്ളവർക്കോ ഭരണകൂടത്തിനോ അവകാശമില്ലെന്നും ജസ്റ്റീസ് പങ്കജ് നഖ്വിയും ജസ്റ്റീസ് വിവേക് അഗര്‍വാളും അടങ്ങിയ അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പ്രിയങ്കയെ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം ചെയ്തുവെന്ന പിതാവിന്റെ പരാതി വാസ്തവ വിരുദ്ധമാണെന്നും ദമ്പതികൾ സന്തോഷപൂർണമായ ജീവിതം നയിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് അവർ ഒരേ ലിംഗത്തിൽ പെട്ടവരാണെങ്കിൽ പോലും ഒരുമിച്ച് ജീവിക്കാൻ നിയമപരമായ അവകാശമുണ്ട്. വ്യക്തികളുടെ അവകാശത്തിനു മേൽ കടന്നുകയറാൻ മറ്റു വ്യക്തികൾക്കോ ഭരണകൂടത്തിനോ യാതൊരു തരത്തിലുള്ള അവകാശമില്ലെന്നും കോടതി പറഞ്ഞു.