
ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേലിന്റെ വിയോഗ വാർത്ത ഏറെ ദുഃഖമുളവാക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
വർഷങ്ങളോളം രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച പട്ടേൽ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചെന്നും അത് എക്കാലവും ജനമനസുകളിൽ ഉണ്ടാകുമെന്നും പ്രധാനമന്ത്രി കുറിച്ചു.
അഹമ്മദ് പട്ടേലിന്റെ മകനുമായി സംസാരിച്ചുവെന്നും അനുശോചനം അറിയിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 3.30ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അഹമ്മദ് പട്ടേലിന്റെ അന്ത്യം.
കോവിഡ് ബാധിച്ചതിനെ തുടർന്നു ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയായിരുന്നു. മകൻ ഫൈസൽ പട്ടേലാണ് മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.