June 18, 2021

Breaking News

കോവിഡ് പ്രതിരോധ വാക്സീൻ; അതിനിർണായകം 8 മാസം

കോവിഡ് പ്രതിരോധ വാക്‌സീന്‍ വിതരണത്തില്‍ 2021ലെ ആദ്യത്തെ 8 മാസം അതിനിര്‍ണായകം. മുന്‍ഗണനാ വിഭാഗത്തിലെ 30 കോടി പേര്‍ക്ക് ഓഗസ്റ്റിനു മുന്‍പായി വാക്‌സീന്‍ നല്‍കാനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും മുന്‍ഗണനാ വിഭാഗക്കാര്‍ക്കു സൗജന്യമായിരിക്കും. കമ്പനികളില്‍നിന്നു വാക്‌സീന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കു കൈമാറും. വ്യക്തികള്‍ക്കു സ്വന്തം നിലയില്‍ വാക്‌സീന്‍ വാങ്ങാന്‍ അല്‍പം കൂടി കാത്തിരിക്കേണ്ടി വരും.
സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകള്‍ക്കു രോഗം വന്നുപോയതിലൂടെയോ വാക്‌സീന്‍ നല്‍കുന്നതിലൂടെയോ ആന്റിബോ!ഡി രൂപപ്പെടുമ്പോഴാണ് ഹേഡ് ഇമ്യൂണിറ്റി (സമൂഹ പ്രതിരോധശേഷി) ഉണ്ടാകുന്നത്. രണ്ടു രീതിയിലും കൂടുതല്‍ ആളുകള്‍ പ്രതിരോധശേഷി കൈവരിക്കുന്നതോടെ വൈറസ് വ്യാപന സാധ്യത കുറയും; അങ്ങനെ രോഗവ്യാപനവും. കോവിഡ് വാക്‌സീന്‍ നല്‍കുന്നതു പ്രധാനമായും ഈ പരോക്ഷ പ്രതിരോധം ലക്ഷ്യമിട്ടാണ്.
ഓക്‌സ്ഫഡ് വികസിപ്പിച്ച് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡാകും രാജ്യത്ത് ആദ്യം ലഭ്യമാകുന്ന വാക്‌സീന്‍. ഭാരത് ബയോടെക്കിന്റെ തദ്ദേശീയ വാക്‌സീനായ കോവാക്‌സീന്‍, യുഎസ് കമ്പനി ഫൈസറിന്റെ വാക്‌സീന്‍ എന്നിവയും അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. പുറമേ, ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്ന സൈകോവ് ഡി, സ്പുട്‌നിക് 5 എന്നിവയുമുണ്ട്. മറ്റ് 5 സാധ്യതാ വാക്‌സീനുകള്‍കൂടി നിര്‍ണായക പരീക്ഷണഘട്ടത്തിലേക്കു കടന്നിട്ടുണ്ട്.
ഒരു കോടി: ആരോഗ്യപ്രവര്‍ത്തകര്‍ (ആശ വര്‍ക്കര്‍മാര്‍ മുതല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ)
2 കോടി: ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ മുനിസിപ്പല്‍ ജീവനക്കാര്‍, പൊലീസ്, ഹോം ഗാര്‍ഡ്, മറ്റു സേനാവിഭാഗങ്ങള്‍.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെ 12 ഇന രേഖകളില്‍ ഒന്നു മതി വാക്‌സീന്‍ ലഭിക്കാന്‍. അറിയിപ്പുകള്‍ എസ്എംഎസിലൂടെ നല്‍കും. ഫോണില്ലാത്തവരെ നേരിട്ടറിയിക്കും. കോവിഡ് വാക്‌സീന്‍ നിര്‍ബന്ധിതമാക്കില്ലെങ്കിലും എടുക്കുന്നതാണ് ഉചിതമെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
വാക്‌സീന് അംഗീകാരം ലഭിക്കുംമുന്‍പേ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഉല്‍പാദനം തുടങ്ങിയെന്നതു നേട്ടമാണ്. അതായത്, രാജ്യത്തു വിതരണം തുടങ്ങുമ്പോള്‍ത്തന്നെ 5 കോടി വാക്‌സീന്‍ സര്‍ക്കാരിന്റെ പക്കലുണ്ടാകും. 2.5 കോടിയാളുകള്‍ക്കു നല്‍കാന്‍ ഇതു ധാരാളം. അപ്പോഴേക്ക് കൂടുതല്‍ വാക്‌സീന്‍ കമ്പനികള്‍ക്ക് അനുമതി ലഭിക്കുമെന്നും സീറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉല്‍പാദനം ഇരട്ടിയായി വര്‍ധിക്കുമെന്നുമാണു സര്‍ക്കാര്‍ പ്രതീക്ഷ.
വാക്‌സീന്‍ വിതരണത്തിന്റെ പരീക്ഷണം ഇന്ത്യ നടത്തിക്കഴിഞ്ഞു. പഞ്ചാബ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ 8 ജില്ലകളില്‍ നടത്തിയ െ്രെഡ റണ്‍ റിഹേഴ്‌സലും വിജയകരമായി. ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്ന വാക്‌സീനുകള്‍ക്കു വേണ്ട താപനിലയും അനുകൂല ഘടകമാണ്. കോവിഷീല്‍ഡ് വാക്‌സീന്‍ സാധാരണ റഫ്രിജറേറ്റര്‍ തണുപ്പില്‍ 6 മാസം വരെ കേടുകൂടാതെയിരിക്കും.
കേരളവും സജ്ജമായിക്കഴിഞ്ഞു. ഏകദേശം 13,000 വാക്‌സീന്‍ വിതരണ കേന്ദ്രങ്ങളും 7000 വാക്‌സിനേറ്റര്‍മാരും ആരോഗ്യവകുപ്പിനു കീഴിലുണ്ട്. വാക്‌സീന്‍ സംഭരണത്തിനായി 1240 കോള്‍ഡ് ചെയിന്‍ പോയിന്റുകളും ഡീപ് ഫ്രീസറുകളും സജ്ജമായിക്കഴിഞ്ഞു.

About The Author

Related posts