
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 337 റണ്‍സിന് പുറത്തായി. ഫോളോ ഓണ്‍ ഒഴിവാക്കാൻ 379 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയെ രണ്ടാമത് ബാറ്റിംഗിനയ്ക്കാതെ ഇംഗ്ലണ്ട് വീണ്ടും ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
241 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ ഓപ്പണർ റോറി ബേണ്‍സിനെ നഷ്ടപ്പെട്ടു. അശ്വിന്റെ പന്തിൽ രഹാനെ പിടിച്ചാണ് ബേണ്‍സ് പുറത്തായത്. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 1/1 എന്ന നിലയിലാണ്.
85 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. 12 ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു സുന്ദറിന്റെ ഇന്നിംഗ്സ്.
അശ്വിൻ (31) പുറത്തായതിന് പിന്നാലെ ഇന്ത്യൻ വാലറ്റം തകർന്നടിഞ്ഞു. അശ്വിൻ-സുന്ദർ സഖ്യം 80 റണ്‍സ് കൂട്ടിച്ചേർത്തു. ഷഹബാദ് നദീം (0), ഇഷാന്ത് ശർമ (4), ജസ്പ്രീത് ബുംറ (0) എന്നിവർ വന്നപോലെ മടങ്ങി.
ഇംഗ്ലണ്ടിനായി ഡോം ബെസ് നാലും ജയിംസ് ആൻഡേഴ്സണ്, ജാക്ക് ലീച്ച്, ജോഫ്ര ആർച്ചർ എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.