
ചെന്നൈ∙ ഇല്ല, ഓസ്ട്രേലിയൻ മണ്ണിൽ സംഭവിച്ച ‘മാജിക്ക്’ ചെന്നൈയിൽ നടന്നില്ല. ക്യാപ്റ്റൻ വിരാട് കോലിയുടെയും ശുഭ്മാൻ ഗില്ലിന്റെ അർധസെഞ്ചുറിയും ഇന്ത്യയെ രക്ഷിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യയ്ക്ക് കാലിടറി. 420 റൺസ് പിന്തുടർന്ന ഇന്ത്യയുടെ തോൽവി 227 റൺസിനാണ്. അഞ്ചാം ദിനം 1ന് 39 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച ഇന്ത്യ 192 റൺസിന് പുറത്തായി
20ാം ഓവറിൽ ചേത്വേശർ പൂജാരയുടെ (15) വിക്കറ്റാണ് അഞ്ചാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മൂന്നാംവിക്കറ്റിൽ ശുഭ്മാൻ ഗില്ലും (50) വിരാട് കോലിയും ചേർന്നു 34 റൺസ് കൂട്ടിച്ചേർത്തു. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ 27ാം ഓവറിൽ ഗിൽ മടങ്ങി. അതേ ഓവറിൽ തന്നെ ഉപനായകൻ അജിന്ക്യ രഹാനെ സംപൂജ്യനായി മടങ്ങി. പിന്നീട് ക്രീസിലെത്തിയത്, ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷയർപ്പിച്ച ഋഷഭ് പന്ത്. നായകൻ കോലിയുമായി ചേർന്ന് പന്ത് ശ്രദ്ധയോടെ ബാറ്റുവീശിയെങ്കിലും 33ാം ഓവറിൽ പന്തിനെ ആൻഡേഴ്സൻ മടക്കി.
തൊട്ടടുത്ത ഓവറിൽ ആദ്യ ഇന്നിങ്സിൽ വീരോചിത അർധസെഞ്ചുറി നേടിയ വാഷിങ്ടനെ സുന്ദറിനെ ഡോം ബെസ് സംപൂജ്യനായി മടക്കി. പിന്നീട് കോലി–അശ്വിൻ സംഖ്യം വീണ്ടും ഇന്ത്യയ്ക്ക് ‘സമനില’ പ്രതീക്ഷ നൽകി. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്നു 54 റൺസ് കൂട്ടിച്ചേർത്തു. പക്ഷേ 52 ഓവറിൽ ജാക്ക് ലീച്ച് അശ്വിൻ ബട്ലറുടെ കൈകളിൽ എത്തിച്ചു.
പിന്നീട് വന്ന ഷഹബാസ് നദീം 13 പന്തുകൾ നേരിട്ടെങ്കിലും റൺ ഒന്നും എടുക്കാതെ മടങ്ങി. 59ാം ഓവറിൽ ബുമ്രയെ ജോഫ്ര ആർച്ചറും പുറത്താക്കിയതോടെ ഇന്ത്യൻ പതനം പൂർണം. ഇഷാന്ത് ശർമ (5*) പുറത്താകാതെ നിന്നു ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും ജയിംസ് ആൻഡേഴ്സൻ മൂന്നും ഡോം ബെസ്, ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ 3 ദിവസം 16 വിക്കറ്റുകൾ ചെപ്പോക്കിലെ പിച്ചിൽ വീണതെങ്കിൽ ഇന്നലെ മാത്രം വീണത് 15 വിക്കറ്റുകൾ. ഇന്നലെ 6ന് 257 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇന്ത്യയെ വാഷിങ്ടൻ സുന്ദറും (85) അശ്വിനും (31) ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടു പോയി. 7–ാം വിക്കറ്റിൽ 80 റൺസാണ് ഇരുവരും ചേർന്നു നേടിയത്. ജാക്ക് ലീച്ചിനു മുന്നിൽ പ്രതിരോധം പിഴച്ച് ക്യാച്ച് നൽകിയെങ്കിലും പന്തിന്റെ അപ്രതീക്ഷിത ബൗൺസ് കണ്ട് അശ്വിൻ നിഗൂഢമായി ആനന്ദിച്ചു കാണും! പിന്നാലെ ബോളിങ്ങിന് എത്തിയപ്പോൾ പിച്ചിന്റെ മാറിയ സ്വഭാവം അശ്വിൻ മുതലെടുക്കുകയും ചെയ്തു.
അശ്വിന്റെ പുറത്താകൽ വ്യക്തിപരമായി തിരിച്ചടിയായത് വാഷിങ്ടനാണ്. ഷഹബാസ് (0), ഇഷാന്ത് (4), ബുമ്ര (0) എന്നിവർ പെട്ടെന്നു പുറത്തായതോടെ അർഹിച്ചൊരു സെഞ്ചുറി തമിഴ്നാട് താരത്തിനു നഷ്ടമായി. 138 പന്തിൽ 12 ഫോറും 2 സിക്സും ഉൾപ്പെടുന്നതാണ് വാഷിങ്ടനിന്റെ അപരാജിത ഇന്നിങ്സ്. ലോക റെക്കോർഡ് വിജയലക്ഷ്യം മനസ്സിലിട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 6–ാം ഓവറിൽ തന്നെ ഇംഗ്ലണ്ട് അപായ സൂചന നൽകി. ജാക്ക് ലീച്ചിന്റെ പന്ത് കറങ്ങിത്തിരിഞ്ഞ് രോഹിത്തിന്റെ ഓഫ്സ്റ്റംപ് ഇളക്കി
ചെന്നൈയിൽ വന്നിട്ടും ഇംഗ്ലണ്ട് താരങ്ങളെ ഒന്നു ‘സൽക്കരിക്കാനായില്ല’ എന്ന രവിചന്ദ്രൻ അശ്വിന്റെ സങ്കടം തീർന്നു കാണും. പിച്ചിലെ ബൗൺസ് മുതലെടുത്ത്2–ാം ഇന്നിങ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് അതിഥികളെ തകർത്തത് (6–61). ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ റോറി ബോൺസിനെ (0) സ്ലിപ്പിൽ രഹാനെയുടെ കയ്യിലെത്തിച്ച അശ്വിൻ അവസാനം ജയിംസ് ആൻഡേഴ്സനെ സ്വന്തം പന്തിൽ തന്നെ പിടികൂടി ഇംഗ്ലണ്ടിനെ ചുരുട്ടുക്കൂട്ടി.
ഡോം സിബ്ലി (16), ബെൻ സ്റ്റോക്സ് (7), ഡോം ബെസ് (25), ജോഫ്ര ആർച്ചർ (5) എന്നിവരും അശ്വിന്റെ സ്പിൻവലയിൽ കുരുങ്ങി. ഡാൻ ലോറൻസിനെ (18) ഇഷാന്ത് ശർമ വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായിരുന്ന ക്യാപ്റ്റൻ ജോ റൂട്ടിനെ (40) ജസ്പ്രീത് ബുമ്രയും അതേ രീതിയിൽ മടക്കി. റൺസ് കുറേ വഴങ്ങിയെങ്കിലും ഒലീ പോപ്പിനെയും (28) ജോസ് ബട്ലറെയും (24) മടക്കി ഷഹബാസ് നദീമും തന്റേതായ സംഭാവന നൽകി. വാഷിങ്ടൻ സുന്ദറിന് ഒരു ഓവർ മാത്രമാണ് ക്യാപ്റ്റൻ കോലി നൽകിയത്.