
റായ്പുർ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചത്തീസ്ഗഡിലെ റായ്പുർ ജില്ലയിൽ ഏപ്രിൽ ഒൻപത് മുതൽ 19വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിൽ ഒൻപതിന് വൈകുന്നേരം ആറ് മുതൽ 19ന് രാവിലെ ആറ് വരെ സംസ്ഥാന തലസ്ഥാനമായ റായ്പുർ ഉൾപ്പടെ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലുംലോക്ക്ഡൗണായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഭാരതി ദാസൻ അറിയിച്ചു.
ലോക്ക്ഡൗൺ കാലയളവിൽ ജില്ലയുടെ മുഴുവൻ അതിർത്തിയും അടച്ചിടും. മദ്യശാലകൾ ഉൾപ്പടെയുള്ള മുഴുവൻ കടകളും അടയ്ക്കും. എന്നാൽ മെഡിക്കൽ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുണ്ട്.
കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ ഓഫീസുകൾ, ബാങ്കുകൾ എന്നിവ പ്രവർത്തിക്കില്ല. അതേസമയം, ടെലികോം, റെയിൽവേ, വിമാനത്താവളങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കാൻ അനുവദിക്കും.
എല്ലാ മത, സാംസ്കാരിക, ടൂറിസം സ്ഥലങ്ങളും അടച്ചിട്ടിരിക്കുമെന്നും എല്ലാത്തരം പൊതുയോഗങ്ങളും സാമൂഹിക, മത, രാഷ്ട്രീയ പരിപാടികളും ഈ കാലയളവിൽ നിരോധിക്കുമെന്നും ഉത്തരവിൽ പറയുന്നു. രാവിലെ ആറ് മുതൽ രാവിലെ എട്ട് വരെയും വൈകുന്നേരം അഞ്ച് മുതൽ 6:30 വരെയും പാലും പത്രങ്ങളും വിതരണം ചെയ്യാൻ അനുവദിക്കും. എൽപിജി സിലിണ്ടറുകളുടെ ഹോം ഡെലിവറിയും അനുവദനീയമാണ്.
റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ മാത്രം സർവീസ് നടത്താൻ ടാക്സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള പൊതുഗതാഗത സർവീസുകളെ അനുവദിക്കും. ഔദ്യോഗിക ജോലികൾക്കു വേണ്ടി മാത്രം ഉപയോഗിക്കുന്ന സർക്കാർ വാഹനങ്ങൾക്ക് മാത്രമാണ് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നൽകു.
ചൊവ്വാഴ്ച, 1,001 മരണമടക്കം 76,427 കോവിഡ് കേസുകൾ റായ്പൂരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സജീവ കേസുകളുടെ എണ്ണം 13,107 ആണ്.