June 18, 2021

Breaking News

വാക്സീൻ എടുത്തശേഷം കോവിഡ് പോസിറ്റീവ് ആയാൽ? മറ്റു രോഗങ്ങളുള്ളവർ ശ്രദ്ധിക്കേണ്ടത്

പ്രമേഹം, അമിത രക്തസമ്മര്‍ദം തുടങ്ങിയവയുള്ളവര്‍ കോവിഡ് കാലത്തു പ്രത്യേകം ശ്രദ്ധിക്കണമെന്നു രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടും സീനിയര്‍ കണ്‍സല്‍റ്റന്റ് ഫിസിഷ്യനുമായ ഡോ. സണ്ണി പി. ഓരത്തേല്‍.
ഇവര്‍ക്കു സാധാരണ സാഹചര്യത്തില്‍ തന്നെ അണുബാധയുണ്ടാകാനുള്ള സാധ്യതയേറെയാണ്. പതിവായി മരുന്നുകള്‍ കഴിക്കുന്നവര്‍ അതു മുടക്കരുതെന്നും മലയാള മനോരമ ‘സാന്ത്വനം’ പരിപാടിയില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ഡോക്ടര്‍ പറഞ്ഞു. അലര്‍ജിയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉള്ളവര്‍ക്കു വാക്‌സീന്‍ എടുക്കാനാകുമോയെന്ന ചോദ്യവും പലരും ഉന്നയിച്ചു. അലര്‍ജിയുള്ളവര്‍ക്ക് വാക്‌സീന്‍ എടുക്കുന്നതിന് ഒരു തടസ്സവുമില്ലെന്നു ഡോക്ടര്‍ പറഞ്ഞു.
ഇത്തരത്തിലുള്ളവര്‍ മാസ് വാക്‌സിനേഷന്‍ ക്യാംപുകള്‍ക്കു പകരം ആശുപത്രികളില്‍ നിന്നു വാക്‌സീന്‍ സ്വീകരിക്കണം. അലര്‍ജിയുണ്ടായാലും ചികിത്സിക്കാനുള്ള സൗകര്യം ഇത്തരം കേന്ദ്രങ്ങളിലുണ്ടാകുമെന്നും ഡോക്ടര്‍ പറഞ്ഞു.
മറ്റ് അസുഖങ്ങള്‍ക്കു മരുന്നു കഴിക്കുന്നവര്‍ക്കു വാക്‌സീന്‍ സ്വീകരിക്കാമോയെന്ന സംശയവും ഒട്ടേറെ പേര്‍ ചോദിച്ചു. കോവിഡ് ബാധിതരായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള വിഭാഗത്തില്‍പെടുന്നവരാണിവര്‍. അതുകൊണ്ടുതന്നെ നിര്‍ബന്ധമായി വാക്‌സീന്‍ സ്വീകരിച്ചു സുരക്ഷ നേടാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിതരായാല്‍ ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവരും നിര്‍ബന്ധമായി വാക്‌സീന്‍ സ്വീകരിച്ചു പ്രതിരോധ ശേഷി കൂട്ടണം. ഇപ്പോഴത്തെ വാക്‌സീന്‍ ദൗര്‍ലഭ്യം താല്‍ക്കാലികം മാത്രമാണെന്നും വാക്‌സീന്‍ ലഭിക്കാന്‍ തിക്കും തിരക്കും കൂട്ടേണ്ട കാര്യമില്ലെന്നും ഡോക്ടര്‍ ഓര്‍മിപ്പിച്ചു.
കോവിഡ് പോസിറ്റീവായി 4 മുതല്‍ 7 ദിവസം വരെയാണു രോഗം ഏറെ തീവ്രമായിരിക്കുക. ഈ ദിവസങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടുകളില്‍ കഴിയുന്നവരാണെങ്കില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവു കൃത്യമായി വിലയിരുത്തണം. ആവശ്യമെങ്കില്‍ ടെലി മെഡിസിന്‍ സഹായം തേടാം. നെഗറ്റീവായാലും ഇതിന്റെ പ്രശ്‌നങ്ങള്‍ കുറച്ചു കാലം കൂടി നീണ്ടു നിന്നേക്കാം. നന്നായി വിശ്രമിക്കുക. പച്ചക്കറി, പഴം, പാല്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ചെറിയ വ്യായാമങ്ങള്‍ ചെയ്യുക.
‘ഒരു സുഹൃത്ത് വാക്‌സീന്‍ എടുത്തു കഴിഞ്ഞു മൂന്നാം ദിവസം പോസിറ്റീവായി. വാക്‌സീന്‍ എടുത്തതുകൊണ്ടാണോ പോസിറ്റീവായത്?’ ഒരു ചോദ്യം ഇങ്ങനെയായിരുന്നു. വാക്‌സീന്‍ എടുത്തതുകൊണ്ടല്ല പോസിറ്റീവായതെന്ന് ഉറപ്പാണെന്നു ഡോക്ടര്‍ പറഞ്ഞു. വാക്‌സീന്‍ സ്വീകരിക്കുന്നതിനു 2-3 ദിവസം മുന്‍പു തന്നെ കോവിഡ് ബാധിതരുമായി ഇയാള്‍ക്കു സമ്പര്‍ക്കമുണ്ടായിരിക്കാം. അതുകൊണ്ടാണു വൈറസ് ബാധിതനായത്. ഇതും വാക്‌സീന്‍ എടുത്തതും തമ്മില്‍ ബന്ധമില്ല.
വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കു ചെറുതായി പനിയുണ്ടാകാമെങ്കിലും അത് ആദ്യ രണ്ടു ദിവസങ്ങള്‍ മാത്രമേ ഉണ്ടാകൂ.

About The Author

Related posts