September 19, 2021

Breaking News

‘ലോക്കി’യെത്തി; വില്ലൻമാരിലെ നായകൻ

അവഞ്ചേഴ്സ് സിനിമകളിലെ വില്ലൻമാരിൽ പ്രിയപ്പെട്ടവനാണ് ലോക്കി. കയ്യിൽ അത്യാവശ്യം കൊള്ളരുതായ്മകളുള്ള വില്ലനാണെങ്കിലും സൂപ്പർ താരങ്ങളോട് ഇടിച്ചുനിൽക്കുന്ന കഥാപാത്രമാണ് ലോക്കി.  മാർവൽ അവഞ്ചേഴ്സ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്കൊന്നും ലോക്കിയെ ഇഷ്ടപ്പെടാതിരിക്കാനാകില്ല. അതുകൊണ്ടു തന്നെ ലോക്കി എന്ന പേരിൽ ഒരു മാർവൽ സീരീസ് എത്തുമ്പോൾ അത് ലോകമെമ്പാടുമുള്ള ആരാധകർക്ക് ദൃശ്യവിരുന്നു തന്നെയാണ്. മൈക്കൽ വാൽഡ്രനാണ് ലോക്കി സീരീസിന്റെ സൃഷ്ടാവ്. കേറ്റ് ഹെരനാണു സംവിധാനം. സിനിമകളിലേതു പോലെതന്നെ ലോക്കിയായി എത്തുന്നത് ടോം ഹിഡിൽസ്റ്റനാണ്. സീരീസിലെ ആദ്യ എപ്പിസോഡ് മാത്രമേ റിലീസായിട്ടുള്ളു. ആകെ ആറ് എപ്പിസോഡുകളുള്ള സീരീസിൽ കഥ എങ്ങോട്ടൊക്കെ പോകുമെന്നും, ആരൊക്കെ കഥാപാത്രങ്ങളായി എത്തുമെന്നും എത്രത്തോളും ഹിറ്റാകുമെന്നുമുള്ള കാര്യം കാത്തിരുന്നു തന്നെ അറിയണം. 

വില്ലനായി മാത്രമല്ല, സഹോദരൻ, ‘ഗോഡ് ഓഫ് തണ്ടർ’, തോറിനു വേണ്ടി മരിക്കാൻ വരെ തയാറാകുന്ന നന്മയുള്ള കഥാപാത്രമായും ലോക്കി അവഞ്ചേഴ്സിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ഗോഡ് ഓഫ് മിസ്ച്ചിഫ്’  എന്നാണ് ലോക്കി അറിയപ്പെടുന്നത്. തോറിന്റെ അച്ഛൻ, അസ്ഗാർഡിന്റെ രാജാവ്, ഓടിൻ എടുത്തു വളർത്തിയ മകൻ. തോറിനേക്കാൾ എപ്പോഴും പിന്നിലാകേണ്ടി വരുന്നവന്റെ വിഷമവും, ലോകംപിടിച്ചടക്കാനുള്ള വെമ്പലുമായി നടക്കുന്ന ലോക്കിയെയാണ് അവഞ്ചേഴ്സിൽ കാണുന്നതെങ്കിൽ ലോക്കി സീരീസിൽ കഥ കുറച്ച് വ്യത്യസ്തമാണ്. 

അവഞ്ചേഴ്സ് സിനിമകളിലൊന്നായ ‘അവഞ്ചേഴ്സ് എൻഡ്ഗെയിമി’ൽ തോർ ഇൻഫിനിറ്റി സ്റ്റോൺ കവരുന്ന രംഗത്തിൽ നിന്നാണ് ലോക്കി സീരീസ് തുടങ്ങുന്നത്. ഇൻഫിനിറ്റി സ്റ്റോൺ കയ്യിൽ കിട്ടുന്ന ലോക്കി അവഞ്ചേഴ്സിൽ നിന്ന് രക്ഷപ്പെട്ട് എത്തുന്നത് ഒരു മരുഭൂമിയിലാണ്. അവിടെ നിന്ന് ഒരു സംഘം ലോക്കിയെ പിടികൂടുന്നു. സമയത്തിനും കാലത്തിനുമപ്പുറം ജീവിക്കുന്ന, ടൈംലൈൻ സംരക്ഷിക്കുന്ന, ടൈം വേരിയന്റ് അതോറിറ്റിയാണ് ലോക്കിയെ പിടികൂടുന്നത്. അനധികൃതമായി ടൈം ട്രാവൽ നടത്തിയതിനാണ് ലോക്കി പിടിയിലായത്. അവിടെനിന്ന് രക്ഷപ്പെടാൻ ലോക്കി നടത്തുന്ന ശ്രമങ്ങളാണ് ആദ്യ എപ്പിസോഡിൽ. 16നാണ് അടുത്ത എപ്പിസോഡ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസാകുക. 9ന് ആദ്യ ആദ്യ എപ്പിസോഡ് റിലീസായത്. 

മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് 2021 മുതൽ 2023 വരെ പുറത്തിക്കുന്ന സൂപ്പർഹ്യൂമൻ സിനിമകളടങ്ങിയ ‘ഫേസ് 4’ന്റെ ഭാഗമാണ് ഈ സീരീസ്. ജനുവരിയിൽ ഹോട്സ്റ്റാറിൽ റിലീസായ ‘വാൻഡവിഷൻ’ ആണ് ഫേസ് 4 ൽ പുറത്തിറങ്ങിയ ആദ്യ സീരീസ്. ജൂലൈയിൽ പുറത്തിറങ്ങാൻ പോകുന്ന ‘ബ്ലാക്ക് വിഡോ’ ആണ് ഫേസ് 4 ലെ ആദ്യ ചിത്രം. ‘ഫാൽക്കൻ ആൻഡ് ദി വിൻഡൽ സോൾജ്യർ’ എന്ന സീരീസും ഫേസ് 4ന്റെ ഭാഗമാണ്. 12 സിനിമകളും 12 സീരീസുകളും 1 ടിവി മൂവിയുമാണ് ഫോസ് 4ന്റെ ഭാഗമായി മാർവൽ സ്റ്റുഡിയോസ് അനൗൺസ് ചെയ്തിരിക്കുന്നത്. ലോക്കിയുടെ രണ്ടാം സീസൺ കൂടി മാർവൽ അനൗൺസ് ചെയ്തിട്ടുണ്ട്. 

ലോക്കിയുടെ കഥയോട് തുടർച്ചയായി ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദി മൾട്ടിവേഴ്സ് ഓഫ് മാഡ്നസ് എന്ന സീരീസും അനൗൺസ് ചെയ്തിട്ടുണ്ട്. മാർവൽ ഫേസുകളിൽ സീരീസുകളിൽ അടങ്ങിയ ആദ്യ ഫേസാണ് 4. കോവിഡ് മൂലം തടസ്സപ്പെട്ട സിനിമാചിത്രീകരണത്തിൽ കുടുങ്ങി നിൽക്കുകയാണ് മാർവൽ ചിത്രങ്ങളും. 2020ൽ പുറത്തിറങ്ങേണ്ടിയിരുന്ന ‘ബ്ലാക്ക് വിഡോ’യ്ക്കായുള്ള കാത്തിരിപ്പ് നീളുകയാണെങ്കിലും ലോക്കി സീരീസ് ഒരു ആശ്വാസത്തിനു വക നൽകുമെന്നുള്ള പ്രതീക്ഷയിലാണ് അവഞ്ചേഴ്സ് ആരാധകർ. 

About The Author

Related posts