
ചവറ: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു.ദേശീയപാതയില്‍ തട്ടാശ്ശേരി ജംഗ്ഷനില്‍ രാത്രി 12 30നായിരുന്നു അപകടം.
കരുനാഗപ്പള്ളി പാട്ടത്തില്‍ കടവ് മുണ്ടകത്തില്‍ പരേതനായ മണിയുടെയും ഗീതയുടെയും മകന് മനോജ് (32 )ആണ് മരിച്ചത്. മനോജിനൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന അഴീക്കല്‍ ഭദ്രന് മുക്കില്‍ വടക്കയ്യത്ത് വീട്ടില്‍ ദേവന് (21) അപകടത്തില്‍ പരിക്കേറ്റു.
ഭക്ഷ്യ വസ്തുവുമായി കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി മഴയെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തി ടാര്‍പ്പ കെട്ടുകയായിരുന്നു. വേണ്ടത്ര വെളിച്ചം ലോറിയിലും റോഡിലും ഇല്ലാതിരുന്നതിനാലാണ് അപകടമുണ്ടായതെന്ന് കരുതുന്നു. മരിച്ച മനോജും സുഹൃത്തും മത്സ്യബന്ധനത്തിനായി ശക്തികുളങ്ങരയിലേക്ക് പോകവെയാണ് അപകടമുണ്ടായത്.