tim`\ tPmÀPv CSXp]£t¯¡v


ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ഇന്ന് വൈകുന്നേരം ചെങ്ങന്നൂരില്‍ നടക്കുന്ന ഇടതുപക്ഷ കണ്‍വന്‍ഷനില്‍ ശോഭന ജോര്‍ജ് പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി അവര്‍ പ്രചാരണവും നടത്തും.
സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടശേഷം സജി ചെറിയാന്‍, ശോഭനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ചര്‍ച്ചകളിലാണ് ശോഭന ഇടത് മുന്നണിയില്‍ ചേരാനും സജി ചെറിയാന് വേണ്ടി പ്രചാരണം നടത്താനും തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ ഇടതുകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. 1991 മുതല്‍ 2001 വരെയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ചെങ്ങന്നൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ശോഭന പിന്നീട് മണ്ഡലത്തില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. 2005 ല്‍ കെ കരുണാകരനൊപ്പം കോണ്‍ഗ്രസ് വിട്ട് ശോഭന ഡിഐസിയില്‍ ചേര്‍ന്നിരുന്നു. പിറ്റേവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിലാണ് ഡിഐസി മത്സരിച്ചതെങ്കിലും ഡിഐസി സ്ഥാനാര്‍ത്ഥിയായ ശോഭനയ്ക്ക് പക്ഷേ ചെങ്ങന്നൂര്‍ സീറ്റ് കിട്ടിയില്ല. ശോഭനയ്ക്ക് പകരം അന്ന് കെഎസ്‌യു പ്രസിഡന്റായിരുന്ന പിസി വിഷ്ണുനാഥിനാണ് കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ സീറ്റ് നല്‍കിയത്. ശോഭന തോല്‍ക്കുകയും വിഷ്ണുനാഥ് ജയിക്കുകയും ചെയ്തതോടെ ചെങ്ങന്നൂരില്‍ വിഷ്ണുനാഥ് പിടിമുറുക്കുകയായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗമായ ശോഭനയെ സ്വന്തം പാളയത്തിലെത്തിക്കുന്നതോടെ ചെങ്ങന്നൂരില്‍ സഭയുടെ പിന്തുണ ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *