പ്രഭാതവാർത്ത breaking news

പരീക്കര്‍ ഗുരുതരാവസ്ഥയില്‍

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ. ഞായറാഴ്ച മാധ്യമങ്ങളോടു സംസാരിക്കവെയാണ് ലോബോ ഇക്കാര്യം അറിയിച്ചത്. മനോഹര്‍ പരീക്കറിനു പകരക്കാരനെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച രാവിലെ ഇതിനായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുമെന്നാണു സൂചന. ഘടകകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായും ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തും.
എംഎല്‍എമാരില്‍ ഒരാള്‍തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് ബിജെപി നല്‍കുന്ന സൂചന. ഇതിനായി ഘടകകക്ഷികളെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. പരീക്കറുടെ ആരോഗ്യനില മോശമാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹം തുടരുമെന്ന് ലോബോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ നിലപാട് മാറ്റിയാണ് ലോബോയുടെ പുതിയ പരാമര്‍ശം.
നേരത്തെ, ഗോവയിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിംഹയ്ക്കു കത്തയച്ചിരുന്നു. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ നിര്യാണത്തോടെ പരീക്കര്‍ മന്ത്രിസഭയുടെ ഭൂരിപക്ഷം കുറഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത്.
നിലവില്‍ 40 അംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിനു നിലവില്‍ 14 എംഎല്‍എമാരുണ്ട്. ബിജെപിക്ക് 13 എംഎല്‍എമാരേയുള്ളു. ഇതില്‍ മുഖ്യമന്ത്രി പരീക്കര്‍ അത്യാസന്ന നിലയിലാണ്. മറ്റൊരു ബിജെപി എംഎല്‍എ പാണ്ഡുരംഗ് മഡ്‌കെയ്ക്കര്‍ പക്ഷാഘാതത്തെ തുടര്‍ന്നു സഭയില്‍ ഹാജരാകുന്നില്ല. നേരത്തെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതടക്കം മൂന്നു സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *