പ്രഭാതവാർത്ത breaking news

പിഎം മോദി: ‘സിനിമ കണ്ട് തീരുമാനിക്കൂ’; തെര. കമ്മീഷനോടു സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ പിഎം നരേന്ദ്ര മോദി കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു സുപ്രീം കോടതി നിര്‍ദേശം. ചിത്രത്തിനു വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ചിത്രം കണ്ടു വിലയിരുത്തിയശേഷം ഏപ്രില്‍ 22-ന് മുന്പ് തീരുമാനം മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി കമ്മീഷനോടു നിര്‍ദേശിച്ചു. ടിഡിപി സ്ഥാപകന്‍ എന്‍.ടി. രാമറാവുവിനെ കുറിച്ചുള്ള എന്‍ടിആര്‍, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ കുറിച്ചുള്ള ഉദ്യമ സിംഹം തുടങ്ങിയ ചിത്രങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവുമോ എന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ റിലീസിംഗ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതുവരെയാണ് വിലക്ക്.
വ്യാഴാഴ്ച പിഎം നരേന്ദ്ര മോദി റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ നിശ്ചയിച്ചിരുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ബുധനാഴ്ച പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ മോദിയുടെ വേഷം അവതരിപ്പിക്കുന്നത്.

 

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *