പ്രഭാതവാർത്ത breaking news

വോട്ടിംഗ് മെഷീനില്‍ കൃത്രിമം സാധ്യമല്ല, തകരാര്‍ സംഭവിക്കാം: തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ ഒരിക്കലും കൃത്രിമം നടത്താന്‍ സാധ്യമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്. അതേസമയം, വോട്ടിംഗ് മെഷീനുകള്‍ക്കു തകരാര്‍ സംഭവിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.
വോട്ടിംഗ് മെഷീന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടുപിടിത്തമല്ല. ഇത് ഇന്ത്യയില്‍ പ്രയോഗത്തില്‍വരുന്നതിനു രണ്ടു പതിറ്റാണ്ടു മുന്പുതന്നെ ഉപയോഗിച്ചിരുന്നു. വിവിപാറ്റും അങ്ങനെ തന്നെ. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിവിപാറ്റ് പ്രാബല്യത്തിലാക്കുന്നത്. വോട്ടിംഗ് മെഷീനുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് പുറത്തുനിന്നുള്ള ഇടപെടലും സാധ്യമല്ല. പക്ഷേ തകരാറുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്- അറോറ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ബ്രാഞ്ചായാണു പ്രവര്‍ത്തിക്കുന്നതെന്ന ആരോപണത്തോട്, തെളിവ് നല്‍കാന്‍ ഏതെങ്കിലും നേതാവ് തയാറായാല്‍ പ്രതികരിക്കാമെന്നായിരുന്നു അറോറയുടെ മറുപടി. രാജ്യത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കു നേരെ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡുകളെയും അദ്ദേഹം ന്യായീകരിച്ചു. റെയ്ഡുകള്‍ നിഷ്പക്ഷമാണെന്നും പാര്‍ട്ടികള്‍ ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച ചോദ്യത്തോട്, ഇതു സംബന്ധിച്ചു സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു അറോറയുടെ മറുപടി.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായി തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് ബിഎസ്പി ആരോപിച്ചിരുന്നു. പിന്നീട് മധ്യപ്രദേശ് തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നു. ഏതു ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ടു വീഴുന്നു എന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികളുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയാണുണ്ടായത്.

 

 

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *