പ്രഭാതവാർത്ത breaking news

ട്രിപ്പോളി യുദ്ധം: മരണം 120 കവിഞ്ഞു

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളി പിടിക്കാന്‍ വിമതര്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതിനകം 121 പേര്‍ കൊല്ലപ്പെട്ടെന്നു വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

വിമതനേതാവ് ഫീല്‍ഡ് മാര്‍ഷല്‍ ഖലീഫാ ഹഫ്തര്‍ നേതൃത്വം നല്‍കുന്ന ലിബിയന്‍ നാഷണല്‍ ആര്‍മിയും (എല്‍എന്‍എ) യുഎന്‍ പിന്തുണയുള്ള സര്‍ക്കാരിന്റെ (ജിഎന്‍എ) സൈനികരും തമ്മിലുള്ള യുദ്ധം രണ്ടാഴ്ച പിന്നിട്ടു. പരിക്കേറ്റവരുടെ എണ്ണം 561 ആയി.ആരോഗ്യ പ്രവര്‍ത്തകരും ആക്രമണത്തിനിരയാവുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന പരാതിപ്പെട്ടു. ഇതിനകം എട്ട് ആംബുലന്‍സുകളുടെ നേര്‍ക്ക് വെടിവയ്പുണ്ടായി.
ഏപ്രില്‍ നാലിനാണ് ഹഫ്തറുടെ സൈന്യം ട്രിപ്പോളി ലക്ഷ്യമിട്ട് മുന്നേറ്റം തുടങ്ങിയത്. ഇതേത്തുടര്‍ന്നു യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ സൈനികരെ പിന്‍വലിച്ചു. ഗദ്ദാഫി കൊല്ലപ്പെട്ടശേഷം ഇതുവരെ ലിബിയയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനായിട്ടില്ല. ഹഫ്തറുടെ എല്‍എന്‍എയുടെ പിന്തുണയുള്ള പാര്‍ലമെന്റാണ് കിഴക്കന്‍ ലിബിയയുടെ ഭരണം കൈയാളുന്നത്. യുഎന്‍ പിന്തുണയോടെ ഫയസ് അല്‍ സരാജ് നേതൃത്വം നല്‍കുന്ന ജിഎന്‍എ സര്‍ക്കാരിനാണ് പടിഞ്ഞാറന്‍ ലിബിയയുടെ നിയന്ത്രണം.
ഹഫ്തര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളുടെയും ഈജിപ്തിന്റെയും പിന്തുണയുണ്ട്. ഇന്നലെ ഹഫ്തര്‍ കയ്‌റോയിലെത്തി പ്രസിഡന്റ് അല്‍സിസിയുമായി കൂടിക്കാഴ്ച നടത്തി. ലിബിയയിലെ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
യുഎന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്‌തെങ്കിലും നടപ്പായില്ല. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ ട്രിപ്പോളിയില്‍നിന്നു പലായനം ചെയ്തു. ഇരുവിഭാഗവും വ്യോമാക്രമണവും നടത്തുന്നുണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *