പ്രഭാതവാർത്ത breaking news

പൊലീസ് പോസ്റ്റല്‍ വോട്ട്: ക്രൈംബ്രാഞ്ച് ഐജിയുടെ അന്വേഷണത്തിലെന്ന് ടിക്കാറാം മീണ

 

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെക്കുറിച്ച് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഹൈക്കോടതിയെ അറിയിച്ചു. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ തിരിമറിയെക്കുറിച്ചു സ്വതന്ത്ര കമ്മിഷന്റെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം.

തിരിമറിയുടെ പശ്ചാത്തലത്തില്‍, തിരഞ്ഞെടുപ്പു ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുകാരുടെ ഇനിയും തിരിച്ചു വന്നിട്ടില്ലാത്ത പോസ്റ്റല്‍ ബാലറ്റുകള്‍ റദ്ദാക്കി പുതിയവ നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഭരണഘടനാപരമായി അനുവദിക്കാനാവില്ലെന്നും പറഞ്ഞു. തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ ഫോം കൈപ്പറ്റാന്‍ നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലര്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ 2014ലെ മാര്‍ഗരേഖയ്ക്ക് അനുസൃതമാണ്.

മാധ്യമ റിപ്പോര്‍ട്ടുകളും ചില പരാതികളും മാനിച്ച് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡിജിപിയോട് വസ്തുതാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്റലിജന്‍സ് എഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ചു നടപടിയെടുക്കുമെന്നു ഡിജിപി മറുപടി നല്‍കി. ശുപാര്‍ശ പ്രകാരമുള്ള നടപടിക്കും സമഗ്ര അന്വേഷണത്തിനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ച പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തെന്നും അന്വേഷണത്തിന് ഐജിയെ നിയോഗിച്ചെന്നും ഡിജിപി അറിയിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള തിരഞ്ഞെടുപ്പു പ്രക്രിയയില്‍ കോടതികള്‍ ഇടപെടരുതെന്നു സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിയുള്ളതിനാല്‍ ഹര്‍ജി തള്ളണമെന്നു കമ്മിഷന്‍ ആവശ്യപ്പെട്ടു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *