Breaking News

യാത്രാ വാഹനങ്ങളില്‍ ജിപിഎസും സുരക്ഷാബട്ടണും 15 നകം : ബട്ടണ്‍ അമര്‍ത്തിയാല്‍ സന്ദേശം പായും

കൊച്ചി : സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ ജിപിഎസും സുരക്ഷാ ബട്ടണും ഘടിപ്പിക്കുന്നതിനുള്ള സമയം 15 വരെ നീട്ടി. ജൂണ്‍ ഒന്നുമുതല്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന വാഹനങ്ങളില്‍ സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു. ഉപകരണം ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സമയം നീട്ടിയത്.

ജൂണ്‍ 15 വരെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന വാഹന ഉടമകള്‍ ജിപിഎസ് ഉപകരണം ലഭ്യമാകാത്തതുകൊണ്ടാണ് ഘടിപ്പിക്കാത്തതെന്നും നിശ്ചിത തീയതിക്കകം സംവിധാനം സജ്ജമാക്കുമെന്നും സത്യവാങ്മൂലം നല്‍കണം. സത്യവാങ്മൂലത്തിലെ തീയതിക്കുള്ളില്‍ ഉപകരണം ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് പിഴ ഈടാക്കും. എന്നാല്‍, പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍ത്തന്നെ ജിപിഎസ് നിയന്ത്രിത സുരക്ഷാ ബട്ടണ്‍ നിര്‍ബന്ധമാണ്. സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഇളവില്ല. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ആര്‍ടിഒ തലത്തില്‍ നടത്തുന്ന സുരക്ഷാ പരിശോധനയ്ക്കുശേഷം സുരക്ഷാ സ്റ്റിക്കര്‍ പതിച്ചു നല്‍കണമെങ്കില്‍ ജിപിഎസ് നിര്‍ബന്ധമാണ്.

കേന്ദ്ര റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ടാക്‌സി കാറുകള്‍, ഭാരവാഹനങ്ങള്‍, ബസ് ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങള്‍ എന്നിങ്ങനെ മുഴുവന്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ജിപിഎസും സുരക്ഷാ ബട്ടണും നിര്‍ബന്ധമാക്കിയത്. വാഹനങ്ങളുടെ വലുപ്പമനുസരിച്ച് ഒന്നുമുതല്‍ അഞ്ചുവരെ സുരക്ഷാ ബട്ടണുകള്‍ ആവശ്യമാണ്. കാറുകളിലും മറ്റും രണ്ടും ബസുകളില്‍ അഞ്ചും ബട്ടണുകളാണ് വേണ്ടത്. ഭാരവാഹനങ്ങളിലും മറ്റു യാത്രാവാഹനങ്ങളിലും വലുപ്പമനുസരിച്ച് സുരക്ഷാ ബട്ടണിന്റെ എണ്ണത്തില്‍ വ്യത്യാസം വരാം. യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവ ഘടിപ്പിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, അപായപ്പെടുത്താനുള്ള ശ്രമം, അപകടം തുടങ്ങിയ അടിയന്തരഘട്ടങ്ങളില്‍ സുരക്ഷാ ബട്ടണില്‍ അമര്‍ത്തിയാല്‍ ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും കണ്‍ട്രോള്‍ റൂമുകളിലേക്ക് സന്ദേശമെത്തും. പത്തു മിനിറ്റിനുള്ളില്‍ പൊലീസിനും ആവശ്യമെങ്കില്‍ ആംബുലന്‍സിനും എത്താനാകും. വാഹനങ്ങളുടെ വേഗവും കണ്‍ട്രോള്‍ റൂമില്‍ അറിയാം. ജിപിഎസ് ഉള്ളതിനാല്‍ വാഹനം എവിടെയന്നത് അപ്പപ്പോള്‍ കണ്‍ട്രോള്‍ റൂമുകളില്‍ അറിയാന്‍ കഴിയും. സേഫ് കേരള പദ്ധതിയുടെ ഭാഗമായ കണ്‍ട്രോള്‍ റൂം സജ്ജമാകുന്നതൊടെ അവിടേയ്ക്കും സന്ദേശമെത്തും.

ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 30 ലക്ഷത്തിലധികം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ ജിപിഎസും സുരക്ഷാബട്ടണും സജ്ജമാകുമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. സ്‌കൂള്‍ വാഹനങ്ങളില്‍ സംവിധാനം നിര്‍ബന്ധമാക്കി നേരത്തെ ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ വാഹനങ്ങളില്‍ വീണ്ടും പ്രത്യേക പരിശോധന നടത്തും.

വിച്ഛേദിച്ചാല്‍ നടപടി എടുക്കും. സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ഘടിപ്പിച്ച പലരും പിന്നീട് ഇത് വിച്ഛേദിച്ച് സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പുതിയ സംവിധാനത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. ജിപിഎസും സുരക്ഷാ ബട്ടണും വിച്ഛേദിച്ചാല്‍ അക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയാം. ഇതനുസരിച്ച് കനത്ത പിഴ ഈടാക്കുന്നതുള്‍പ്പെടെ നടപടിയുണ്ടാകും.

നിലവില്‍ ടാക്‌സി രജിസ്‌ട്രേഷന്‍ എടുത്ത് സര്‍വീസ് നടത്തുന്ന ഓണ്‍ലൈന്‍ ടാക്‌സികളില്‍ ജിപിഎസും സുരക്ഷാ ബട്ടണും വരുന്നതോടെ യാത്രക്കാരുടെ ആശങ്കയ്ക്ക് പരിഹാരമാകും. അനിഷ്ട സംഭവങ്ങളോ ഡ്രൈവറുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമോ ഉണ്ടായാല്‍ സീറ്റിന് അടുത്തുതന്നെയുള്ള സുരക്ഷാ ബട്ടണില്‍ അമര്‍ത്തിയാല്‍ ഉടന്‍ പൊലീസ് എത്തും.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *