Breaking News

വീണ്ടും ഷാക്കിബ് ‘മാജിക്’ ; അഫ്ഗാനെതിരെ ബംഗ്ലദേശിന് 62 റൺസ് ജയം

Shakib-Al-Hasan-Bang
അഫ്ഗാനിസ്ഥാൻ – ബംഗ്ലദേശ് മൽസരത്തിൽനിന്ന്.
 സതാംപ്ടൺ∙ ഷാക്കിബ് അൽ ഹസൻ ഒരിക്കൽ കൂടി ബംഗ്ല കടുവയുടെ വിശ്വരൂപം പൂണ്ട മൽസരത്തിൽ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ബംഗ്ലദേശിന് 62 റൺസിന്റെ തകർപ്പൻ ജയം. അഫ്ഗാന്റെ അഞ്ച് വിക്കറ്റുകൾ പിഴുത ഷാക്കിബാണ് ബംഗ്ല വിജയം അനായാസമാക്കിയത്.  263 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ 47 ഓവറിൽ 200 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

ക്യാപ്റ്റൻ ഗുൽബാദിൻ നായിബ് (47), സമിയുല്ല ഷെൻവാരി(49*) എന്നിവർ പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. നായിബ്, റഹ്മത്ത് ഷാ (24), അസ്ഗർ അഫ്ഗാൻ(20), മുഹമ്മദ് നബി (പൂജ്യം), നജീബുല്ല സാദ്രാൻ (23) എന്നിവരുടെ വിക്കറ്റുകളാണ് ഷാക്കിബ് നേടിയത്. ഹഷ്മത്തുല്ല ഷാഹിദി(11),  ഇക്രാം അലിഖിൽ (11),റാഷിദ് ഖാൻ (2),  ദൗലത് സാദ്രാൻ (പൂജ്യം), മുദീബുർ റഹ്മാൻ (പൂജ്യം) എന്നിവരാണ് അഫ്ഗാൻ‌ നിരയിൽ പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. ബംഗ്ലദേശിനായി മുസ്തഫിസുർ റഹ്മാൻ രണ്ടും, മുഹമ്മദ് സൈഫുദ്ദീൻ, മുസദ്ദിക് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 262 റൺസെടുത്തത്. ഏകദിനത്തിലെ 45–ാം അർധസെഞ്ചുറി കുറിച്ച ഷാക്കിബ് അൽ ഹസൻ (51), 35–ാം അർധസെഞ്ചുറി കണ്ടെത്തിയ മുഷ്ഫിഖുർ റഹിം (83) എന്നിവരുടെ ഇന്നിങ്സുകളാണ് ബംഗ്ലദേശിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അഫ്ഗാനിസ്ഥാനായി മുജീബുർ റഹ്മാൻ 10 ഓവറിൽ 39 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇതേ മൈതാനത്ത് അഫ്ഗാൻ ബോളർമാർ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ കശക്കിയെറിഞ്ഞതിന്റെ ഓർമയിൽ കരുതലോടെയായിരുന്നു ബംഗ്ലദേശിന്റെ ബാറ്റിങ്. അഫ്ഗാൻ ബോളർമാർക്ക് അർഹിക്കുന്ന ബഹുമാനം നൽകി കളിച്ച ബംഗ്ലദേശ് 250നു മുകളിലുള്ള സ്കോർ ഉറപ്പാക്കുകയായിരുന്നു. 69 പന്തുകൾ നേരിട്ട ഷാക്കിബ് 51 റൺസാണെടുത്തത്. ഒരേയൊരു ബൗണ്ടറി മാത്രം പിറന്ന ഇന്നിങ്സ്. ഈ ലോകകപ്പിൽ കളത്തിലിറങ്ങിയ ആറു മൽസരങ്ങളിൽ അഞ്ചാം തവണയാണ് ഷാക്കിബ് 50 പിന്നിടുന്നത്. കഴിഞ്ഞ മൽസരത്തിൽ ഓസീസിനെതിരെ നേടിയ 41 റൺസാണ് ഇതുവരെയുള്ള ‘ചെറിയ സ്കോർ’. ഷാക്കിബിനു ശേഷം ബംഗ്ലാ ഇന്നിങ്സിന്റെ ഉത്തരവാദിത്തമേറ്റെടുത്ത റഹിം 87 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 83 റൺസെടുത്തു.

ഷാക്കിബും റഹിമും പങ്കാളികളായ മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെയും അർധസെഞ്ചുറിയുടെ വക്കിലെത്തിയ ഒരു കൂട്ടുകെട്ടിന്റെയും ബലത്തിലാണ് ബംഗ്ലദേശ് ഇന്നിങ്സ് കെട്ടിപ്പടുത്തത്. രണ്ടാം വിക്കറ്റിൽ ഷാക്കിബ് അൽ ഹസൻ – തമീം ഇക്ബാൽ (59), മൂന്നാം വിക്കറ്റിൽ മുഷ്്ഫിഖുർ റഹിം – ഷാക്കിബ് അൽ ഹസൻ (61), അഞ്ചാം വിക്കറ്റിൽ മഹ്മൂദുല്ല – മുഷ്ഫിഖുർ റഹിം (56) സഖ്യങ്ങളാണ് അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തത്. ആറാം വിക്കറ്റിൽ റഹിം – മൊസാദേക് ഹുസൈൻ സഖ്യം 44 റൺസ് കൂട്ടുകെട്ടും തീർത്തു.

ലിട്ടൺ ദാസ് (17 പന്തിൽ 16), തമീം ഇക്ബാൽ (53 പന്തിൽ 36), സൗമ്യ സർക്കാർ (10 പന്തിൽ മൂന്ന്), മഹ്മൂദുല്ല (38 പന്തിൽ 27) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. 24 പന്തിൽ നാലു ബൗണ്ടറി സഹിതം 35 റൺസെടുത്ത ബംഗ്ലദേശ് ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ റണ്ണടിച്ചുകൂട്ടിയ മൊസാദേക് ഹുസൈൻ ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായി. മുഹമ്മദ് സയ്ഫുദ്ദീൻ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. അഫ്ഗാനായി മുജീബുർ റഹ്മാൻ 10 ഓവറിൽ 39 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ഗുൽബാദിൻ നായിബ് രണ്ടും ദൗലത്ത് സദ്രാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *