Breaking News

വിസ്മൃതിയിലേക്ക് മറയാതെ ചരിത്രത്തിന്റെ അവശേഷിപ്പുകള്‍…

തിരുവനന്തപുരം: അയ്യായിരം വര്‍ഷം പഴക്കമുള്ള ഓട്ടുകാലണ..100 വര്‍ഷം പഴക്കമുള്ള മെതിയടി..ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് മറയാതെ കാലം കാത്തുസൂക്ഷിച്ച ചില അവശേഷിപ്പുകള്‍.
സംസ്ഥാന സാക്ഷരതാ മിഷന്‍ പുരാരേഖ വകുപ്പുമായി സഹകരിച്ച് നടത്തിയ പുരാരേഖ സര്‍വേയിലാണ് ഇത്തരത്തില്‍ അപൂര്‍വകാഴ്ചയുടെ ലോകം തുറന്നത്. 1,42921 പുരാരേഖകളാണ് സര്‍വേയില്‍ കണ്ടെത്തിയത്. ആകെ 37901 താളിയോലകളാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. ജാതകം, ഗ്രന്ഥങ്ങള്‍, വിഷചികിത്സ, ആയൂര്‍വേദം, മന്ത്രങ്ങള്‍, മതഗ്രന്ഥങ്ങള്‍ എന്നീ ഇനങ്ങളിലുള്ള താളിയോലകളാണ് പ്രധാനമായും ഇവയിലുള്ളത്.
തമിഴ്, മലയാളം, സംസ്‌കൃതം, അറബി ഭാഷകളില്‍ എഴുതിയവയാണ് താളിയോല ഗ്രന്ഥങ്ങളില്‍ ഏറെയും. 25-100 വര്‍ഷം പഴക്കമുള്ള 25287 താളിയോലകളും 101-500 വര്‍ഷം പഴക്കമുള്ള 4583 എണ്ണവും 500 വര്‍ഷത്തിന് മുകളിലുള്ള 632 താളിയോലകളും കൂടാതെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കഴിയാത്ത 7399 താളിയോലകളും സര്‍വേയില്‍ കണ്ടെത്തി.
അച്ചടിക്കപ്പെട്ട അപൂര്‍വ ഗ്രന്ഥങ്ങളുടെ ഇനത്തില്‍ 8819 രേഖകളും പത്രം, മാസികകള്‍ എന്നിവയുടെ ഇനത്തില്‍ 18065 രേഖകളും കണ്ടെത്തി. ന്യൂസ്‌പേപ്പര്‍ ഇനത്തില്‍ രാജ്യസമാചാര്‍, ലണ്ടന്‍ ഗസറ്റ്, ബോബെ സമാചാര്‍ എന്നീ പത്രങ്ങളുടെ പ്രതികളും കണ്ടെത്തിയ പുരാരേഖകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ മുള, ചെമ്പ്തകിട്, തുകല്‍, തുണി, പാത്രങ്ങള്‍ എന്നിവയില്‍ എഴുതിയ 6401 പുരാരേഖകളും സര്‍വേയില്‍ കണ്ടെടുത്തു. ഇപ്രകാരമുള്ള 18186 രേഖകള്‍ കണ്ടെത്തി.ജനകീയ മുന്നേറ്റങ്ങളുടെയും പ്രാദേശിക സമരങ്ങളുടെയും വിവരങ്ങളും സര്‍വേയിലൂടെ കണ്ടെത്തിയിരുന്നു. 53546 രേഖകളാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലെ ഗവ. എംജിഎച്ച്എസ്എസ് തിരുവല്ലയിലെ പഠിതാക്കള്‍ നടത്തിയ സര്‍വേയില്‍ 1780 ല്‍ അച്ചടിച്ച ബംഗാള്‍ ഗസറ്റ് കണ്ടെത്തിയിട്ടുണ്ട്. ഗവ. എച്ച്എസ്എസ് അടൂരില്‍ നിന്നുള്ള പഠിതാക്കള്‍ നടത്തിയ സര്‍വേയില്‍ 1917 ല്‍ അച്ചടിച്ച യങ്ങ് ഇന്ത്യ (ഇംഗ്ലീഷ്) കണ്ടെത്തിയിട്ടുണ്ട്. ഗവ.എച്ച്എസ്എസ് കുറ്റൂരിലെ സര്‍വേയില്‍ ഗ്രീക്ക് ഭാഷയിലുള്ള ബൈബിള്‍ കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ കൊമ്പനാട് പൂന്തോപ്പ് മഠത്തില്‍ എന്‍ ശങ്കരന്‍കുട്ടിയുടെ വീട്ടില്‍ നിന്നും വിഷചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന അണലിവേഗം എന്ന പച്ചമരുന്ന് കണ്ടെത്തി. ഏകദേശം 100 വര്‍ഷം പഴക്കം വരുന്നതാണിവ. 1970ല്‍ ഉപയോഗിച്ചിരുന്ന വാഗീശ്വരി ക്യാമറയും കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ജിജിഎച്ച്എസ്എസിലെ പഠിതാക്കള്‍ നടത്തിയ സര്‍വേയില്‍ പുത്തന്‍തെരുവിലെ പഴയ സുറിയാനി പള്ളിയില്‍ കണ്ടെത്തിയ 1000 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള മഞ്ചല്‍, ചിരവ, 500 വര്‍ഷം പഴക്കമുള്ള കാല്‍ചിലമ്പ്, തള, വാള്‍, അരയില്‍ കെട്ടുന്ന മണി എന്നിവയും കണ്ടെത്തി. അമ്പലപ്പുഴയില്‍ നിന്ന് 200 വര്‍ഷം പഴക്കമുള്ള ആറന്മുള കണ്ണാടി, 133 വര്‍ഷം പഴക്കമുള്ള അന്‍സോണിയ ക്ലോക്ക്, 100 വര്‍ഷം പഴക്കമുള്ള ആധാരം, 98 വര്‍ഷം പഴക്കമുള്ള കുത്തുവിളക്ക് എന്നിവ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് 300 വര്‍ഷം പഴക്കമുള്ള അച്ചടിയന്ത്രം, 500 വര്‍ഷം പഴക്കമുള്ള ചങ്ങല വിളക്ക്, സ്വര്‍ണരാശി, 400 വര്‍ഷം പഴക്കമുള്ള ആവണിപ്പലക എന്നിവ കണ്ടെത്താനായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്ന് 120 വര്‍ഷം പഴക്കമുള്ള ഗ്രാമഫോണ്‍, 100 വര്‍ഷം പഴക്കമുള്ള മെതിയടി, 60 വര്‍ഷം പഴക്കമുള്ള പാല്‍ക്കുപ്പി, 300 വര്‍ഷം പഴക്കമുള്ള ആമാടപ്പെട്ടി എന്നിവയും സര്‍വേയുടെ ഭാഗമായി പഠിതാക്കള്‍ കണ്ടെത്തിയിട്ടുണ്ട്. പഴശ്ശിരാജാവിന്റെ കാലത്തുള്ള കൊല്ലംങ്ങോട് കുടുംബത്തിലെ കട്ടില്‍, 200 വര്‍ഷം പഴക്കമുള്ള പത്തായം, ചര്‍ക്ക, പല്ലക്ക്, വെള്ളോട്ടുകിണ്ടി എന്നിവയും കണ്ടെത്താനായിട്ടുണ്ട്.
സര്‍വേയിലൂടെ കണ്ടെത്തിയ പുരാരേഖകളും പുരാവസ്തുക്കളും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലാണ്. ഇവ നഷ്ടപ്പെടാതെ അതാത് സ്ഥലങ്ങളില്‍ ശാസ്ത്രീയമായി സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക അറിവുകള്‍ ഉടമസ്ഥര്‍ക്ക് നല്‍കുന്നതിന് സാക്ഷരതാ മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
2018 മെയ് ഒമ്പതിന് കവി ഒഎന്‍വി കുറുപ്പിന്റെ വഴുതക്കാട്ടെ വസതിയില്‍ നിന്നായിരുന്നു പുരാരേഖ സര്‍വേ ആരംഭിച്ചത്. ആകെ 42635 വീടുകളിലും 1259 സ്ഥാപനങ്ങളിലുമാണ് സര്‍വേ നടത്തിയത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *